റിയാദ്: സൗദി അറേബ്യയ്ക്കുനേരെ രൂക്ഷമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമതർ. തലസ്ഥാനമായ റിയാദിലെ അരാംകോ എണ്ണക്കമ്പനിയുടെ കേന്ദ്രം, ഖമീസ് മുശൈത്തിലെ വ്യോമതാവളം, തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ എന്നിവയുൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ, റിയാദിലും കിഴക്കൻ മേഖലയിലും എത്തിയ ഡ്രോണുകൾ ആകാശത്തുവച്ചുതന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി, സൗദിയെ ലക്ഷ്യമിട്ട് ഡ്രോൺ ഉപയോഗിച്ചതായും ഓപ്പറേഷൻ അതിന്റെ ലക്ഷ്യം കണ്ടതായും അവകാശപ്പെട്ടത്. മക്കയെ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുവെന്ന വാർത്ത ഹൂതി സൈനിക വക്താവ് നിഷേധിച്ചു. സൗദി അറേബ്യയിൽ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് എക്സിലൂടെ പ്രഖ്യാപിച്ചു.
ഹൂതി ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് രാജ്യാന്തര അംഗീകാരമുള്ള യെമൻ സർക്കാർ. എന്നാൽ, ഹൂത്തികളെ ‘ഭീകരസംഘടന’യായി പ്രഖ്യാപിക്കാൻ കൗൺസിൽ തയ്യാറാകാത്തതിൽ യെമൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ചെങ്കടൽ, ബാബ് അൽ-മന്ദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഹൂതികൾ സൈനിക നീക്കങ്ങൾ ശക്തമാക്കുകയും രാജ്യാന്തര കപ്പൽ ഗതാഗതത്തിന് കടുത്ത ഭീഷണി ഉയർത്തുകയും ചെയ്യുന്ന നിർണ്ണായക ഘട്ടത്തിലാണ് യുഎൻ പ്രമേയം വന്നിരിക്കുന്നതെന്ന് യുഎന്നിലെ യെമൻ അംബാസഡർ അബ്ദുല്ല അൽ-സാദി പറഞ്ഞു."ഹൂത്തി സായുധ സംഘത്തെ പേരെടുത്ത് പരാമർശിക്കാനും അവരെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനും സുരക്ഷാ കൗൺസിലിന് കഴിയാത്തതിൽ ഞങ്ങൾക്ക് കടുത്ത ഖേദമുണ്ട്," അബ്ദുള്ള അൽ-സാദി വ്യക്തമാക്കിയതായി യെമൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'സാബ' റിപ്പോർട്ട് ചെയ്തു.
ഹൂതികൾ ആയുധ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് മേൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎൻ സുരക്ഷാ കൗൺസിലുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. യെമനുമേലുള്ള ഉപരോധം സുരക്ഷാ കൗൺസിൽ ഏകകണ്ഠമായി പുതുക്കിയതിന് പിന്നാലെ യുഎന്നിലെ ബ്രിട്ടീഷ് അംബാസഡർ സാറാ മക്കിന്റോഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂത്തികൾക്കെതിരെ നിലവിലുള്ള ആയുധ ഉപരോധം കൂടുതൽ ശക്തമായി നടപ്പിലാക്കുമെന്നും, ഹൂതികൾക്ക് ആയുധ ഘടകങ്ങൾ ലഭിക്കുന്ന വഴികൾ തടയാൻ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ ആരംഭിച്ച യുദ്ധം, യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയെയും കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടിരുന്നു. ഇതോടെ പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈൻ വഴി ചെങ്കടൽ തുറമുഖമായ യാൻബുവിലേക്കാണ് സൗദി തിരിച്ചുവിടുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം നാല് ശതമാനത്തോളം വരുന്ന ഈ നിർണ്ണായക പൈപ്പ്ലൈൻ ലക്ഷ്യമിട്ടുള്ള ആക്രമണ നീക്കം രാജ്യാന്തര എണ്ണ വിപണിയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.
Content Highlights: Yemen's Houthi rebels claim to have targeted Saudi Arabia's Aramco facility, Khamis Mushait airbase and East-West oil pipeline. Saudi forces say drones heading towards Riyadh and the eastern region were intercepted.