'കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ആയിരത്തിലധികം കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കാല്‍നടയായി നീങ്ങുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം

വാഷിങ്ടണ്‍: കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ആയിരത്തിലധികം കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കാല്‍നടയായി നീങ്ങുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. 'വീണ്ടും തുടങ്ങിയിരിക്കുന്നു' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 'ഇവരെ സ്വീകരിക്കില്ല, മെക്‌സിക്കോ ഇവരെ ഇപ്പോള്‍ത്തന്നെ തടയണം. അല്ലാത്തപക്ഷം, മെക്‌സിക്കോയ്ക്ക് മേലുള്ള തീരുവ ഉടന്‍ തന്നെ ഇരട്ടിയാക്കും. മെക്‌സിക്കോ, ടെക്‌സസ് ഗവര്‍ണര്‍, ബോര്‍ഡര്‍ പട്രോള്‍, ഐസിഇ എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല' ട്രംപ് കുറിച്ചു.

ഗ്വാട്ടിമാല അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ നഗരമായ തപാചുലയില്‍ നിന്ന്, പ്രധാനമായും മധ്യ അമേരിക്കയില്‍ നിന്നുള്ള ഏകദേശം 1,500 പേര്‍ ചൊവ്വാഴ്ച യാത്ര തിരിച്ചു എന്നാണ് വിവരം. ജനുവരി മുതല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്നത് തങ്ങള്‍ക്ക് അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങള്‍ തുറന്നുനല്‍കുമെന്ന് കുടിയേറ്റക്കാര്‍ പ്രതീക്ഷിക്കുന്നു. ഒരു കൂട്ടം ആളുകള്‍ അമേരിക്ക ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന കാര്യം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബാം സ്ഥിരീകരിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം കുടിയേറ്റക്കാരുടെ സംഘങ്ങളൊന്നും യുഎസ് അതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഈ സംഘത്തിലുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും, അവരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ മെക്‌സിക്കോ ശ്രമിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ ഷെയിന്‍ബാം വ്യക്തമാക്കി. അടിച്ചമര്‍ത്തല്‍ നടപടികളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച കുടിയേറ്റക്കാരുടെ സംഘത്തിനൊപ്പം ചേരാന്‍ ശ്രമിച്ചവരെ, തെക്കന്‍ സംസ്ഥാനമായ ചിയാപാസിലെ അധികൃതര്‍ തിരിച്ചയച്ചതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്‌സിക്കോയുടെ കുടിയേറ്റ ഇന്‍സ്റ്റിറ്റ്യൂട്ടും ചിയാപാസ് സംസ്ഥാന സര്‍ക്കാരും പ്രതികരണത്തിനായുള്ള അഭ്യര്‍ത്ഥനകളോട് ഉടന്‍ പ്രതികരിച്ചില്ല. അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിയമവിരുദ്ധമായ ഈ കുടിയേറ്റ സംഘത്തെ നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-മെക്‌സിക്കോ-കാനഡ വ്യാപാര കരാര്‍ നീട്ടേണ്ടതില്ലെന്ന് ജൂലൈയില്‍ ട്രംപ് തീരുമാനിച്ചതിനെത്തുടര്‍ന്ന്, അമേരിക്കയും മെക്‌സിക്കോയും പുതിയൊരു വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ യുഎസ് തെക്കന്‍ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് ഏതാണ്ട് പൂര്‍ണ്ണമായും തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് മെക്‌സിക്കോയിലെ പല കുടിയേറ്റ കേന്ദ്രങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്.

അതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള യുഎസ് വോട്ടര്‍മാരുടെ ആശങ്കകള്‍ ഒരു പ്രധാന കാരണമായിരിക്കെയാണ് 2024-ല്‍ ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കുടിയേറ്റക്കാരുടെ ചില സംഘങ്ങളെ ട്രംപ് എടുത്തുപറഞ്ഞിട്ടുണ്ടെങ്കിലും, ഈ വിഷയം തനിക്കും പാര്‍ട്ടിക്കും രാഷ്ട്രീയമായി മുന്‍പത്തെപ്പോലെ വലിയ സ്വാധീനമുള്ള ഒന്നല്ലാതായി മാറിയെന്ന് സമീപ മാസങ്ങളില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 'ടെക്‌സാസ് അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഗവര്‍ണര്‍ ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പാണെന്നും മുമ്പ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വഴി തന്റെ ഭരണകൂടം നടപ്പിലാക്കിയ കുടിയേറ്റക്കാരെ നാടുകടത്തുന്ന പദ്ധതിക്കെതിരെ രാഷ്ട്രീയമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നുവെന്നും ട്രംപ് സമ്മതിച്ചു. ഞായറാഴ്ച, സിബിഎസ് ചാനലിലെ '60 മിനിറ്റ്സ്' എന്ന പരിപാടിയില്‍ സംസാരിക്കവെ, കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ വളരെ കടുപ്പമേറിയതായിരുന്നു എന്നും പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുത്തതിന് ശേഷം, അവരുമായി കുടിയേറ്റ വിഷയത്തില്‍ ഒരു ധാരണയിലെത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: US President Donald Trump has threatened to double tariffs on Mexico unless it stops migrants heading towards the United States. His warning came after reports that more than 1,000 migrants were travelling on foot towards the US following the midterm elections. In a social media post, Trump said the migrants would not be allowed into the country and urged Mexico to stop their movement immediately. He also said that Mexico, the Texas governor, Border Patrol and ICE had been informed of the matter.

To advertise here,contact us