ഇറാനുമായി ഒരു കരാർ USന് ആവശ്യമില്ല; വാൻസ് എതിരാളികളുടെ അഴിമതി ഇല്ലാതാക്കുന്നതിൽ ശ്രദ്ധിച്ചാൽ മതിയെന്ന് ട്രംപ്

ഇറാനിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വാന്‍സ് ആലോചിക്കുന്നതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു

വാഷിങ്ടണ്‍: ഇറാനുമായി ഒരു കരാര്‍ യുഎസിന് ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തെ കുറ്റകൃത്യങ്ങളും അഴിമതികളും ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ജെ ഡി വാന്‍സ് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ ഇടപെടല്‍. ഇറാനിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വാന്‍സ് ആലോചിക്കുന്നതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടക്കാല തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തിയതും ട്രംപിനെ ചൊടിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന് ശേഷം, എട്ടു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു കരാറിലെത്താന്‍ ഇറാന്‍ കൂടുതല്‍ സന്നദ്ധമായേക്കാം എന്ന് കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍ നിലപാടിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 'ഇറാനുമായി ഞങ്ങള്‍ക്ക് ഒരു കരാറിന്റെയും ആവശ്യമില്ല. ആ കാലഘട്ടം എന്നേ കഴിഞ്ഞുപോയി. അവരുടെ പണം നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ഞങ്ങളുടെ കൈവശമുണ്ട്. അവരുടെ കടലിടുക്കും ഞങ്ങളുടെ നിയന്ത്രണത്തിലാണ്' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയിലുടനീളം ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താന്‍ വാന്‍സിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. നേരത്തെ തന്നെ വാന്‍സിനെ ഏല്‍പ്പിച്ചിരുന്ന, ആഭ്യന്തര പ്രാധാന്യമുള്ള ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

'വലിയ തോതിലുള്ള ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തിരുത്തിയാല്‍ നമ്മുടെ ബജറ്റ് പെട്ടെന്നുതന്നെ സന്തുലിതമാക്കാന്‍ സാധിക്കും. ഡെമോക്രാറ്റ് നേതൃത്വത്തിന്റെ രക്തത്തില്‍ തന്നെ അഴിമതി അലിഞ്ഞുചേര്‍ന്നിരിക്കുന്നു' എന്ന് ട്രംപ് വ്യാഴാഴ്ച കുറിച്ചു. പ്രതികരണമാരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനയോട് വാന്‍സിന്റെ ഓഫീസ് ഉടന്‍ പ്രതികരിച്ചില്ല. ചര്‍ച്ചയ്ക്കുള്ള നീക്കം നടന്നാല്‍, സമാധാന ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി വാന്‍സ് മാറുമായിരുന്നു. 2028-ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥികളിലൊരാളായി കണക്കാക്കപ്പെടുന്ന വാന്‍സ്, തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, കഴിഞ്ഞ ആഴ്ച യുദ്ധവിഷയത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു. പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകളും ഒരു കാരണമാണെന്ന് വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന നേരത്തെയുള്ള നിര്‍ദ്ദേശം വളരെ ഉചിതമായ ഉപദേശം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവായുധം നേടുന്നത് തടയാന്‍ യുദ്ധം അനിവാര്യമാണെന്ന് വാദിച്ചായിരുന്നു വാന്‍സിന്റെ നിലപാടിനോട് ട്രംപ് പ്രതികരിച്ചത്.

Content Highlights: US President Donald Trump has said that the United States does not need a deal with Iran and has urged Vice President JD Vance to focus on tackling domestic crime and corruption. His remarks came amid reports that Vance was considering direct peace talks with an Iranian security official. The Wall Street Journal had reported on the possibility of such discussions. Reports also suggested that Trump's displeasure was linked to Vance's remarks attributing the Republican Party's midterm election setback to the conflict with Iran.

To advertise here,contact us