ന്യൂയോർക്ക്: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ (സിഎഫ്ഒ) കൊലെറ്റ് ക്രെസ് ഇടക്കാല സിഇഒ ആയി ചുമതലയേൽക്കും. സ്ഥിരം പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു. എൻവിഡിയയുടെ സഹസ്ഥാപകനായ ഹുവാങ് കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനാണ്. ഏകദേശം 3.61 ശതമാനം ഓഹരികളാണ് അദ്ദേഹത്തിനുള്ളത്. രാജിക്കുശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡിലും അദ്ദേഹം തുടരില്ല.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് എൻവിഡിയ പ്രതിരോധത്തിലായത്. ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുന്നുവെന്ന് യുഎസ് അധികൃതർ സംശയിക്കുന്ന വ്യക്തിയാണ് ആലീസ് ഹുവാങ്ങ് എന്നാണ് റിപ്പോർട്ടുകൾ.
ഹുവാങിനെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കാൻ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ബുധനാഴ്ച യോഗം ചേർന്നതായി വിഷയവുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമ്പനിയിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ ഇതിന് പിന്നാലെ പുറത്തുവന്നു. ഈ ഉദ്യോഗസ്ഥ നേരിട്ട് ഹുവാങിന് കീഴിലാണ് പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നാല് ട്രില്യൺ ഡോളർ മൂല്യമുള്ള എൻവിഡിയയിൽ ഹുവാങിന്റെ പടിയിറക്കം വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ലൗഡ് സേവനദാതാക്കൾക്കും വിതരണക്കാർക്കും എഐ മേഖലയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾക്കും എൻവിഡിയ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുവഴി ആഗോള എഐ ആവാസവ്യവസ്ഥയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തയായാണ് ഹുവാങിനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഹുവാങ് രാജിവെയ്ക്കുന്നത് ഈ മേഖലയിലെ പ്രവർത്തനങ്ങളെയും നിക്ഷേപങ്ങളെയുമെല്ലാം ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസിന്റെ ചിപ്പ് കയറ്റുമതി നയത്തിലും ഹുവാങിന്റെ പടിയിറക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം നിലനിർത്തുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അടുത്ത ബന്ധവുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.
ലോകത്തെ ഏറ്റവും മൂല്യമുള്ള എഐ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് ചൈനീസ് ചാരവനിതയുമായി രഹസ്യബന്ധം പുലർത്തിയെന്ന് യു എസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന വിവരം നേരത്തെ ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ടിരുന്നു. ചൈനീസ് സർക്കാരിന് വേണ്ടി വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥയുടെ 'ഹണിട്രാപ്പിൽ' ജെൻസൻ കുടുങ്ങിയെന്നായിരുന്നു ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Content Highlights: Jensen Huang has resigned as Nvidia CEO, marking a major leadership change at the AI chipmaker, with CFO Colette Kress appointed as interim CEO while the company searches for a permanent successor.