ലിക്കുഡ് പാര്‍ട്ടിയുമായുള്ള ചര്‍ച്ച റദ്ദാക്കി ഗാഡി ഐസന്‍കോട്ട്; നെതന്യാഹുവിനെതിരെ അന്വേഷണത്തിന് നീക്കം

നെതന്യാഹുവിന്റെ പ്രസംഗം ഭ്രാന്തവും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് ഐസന്‍കോട്ട് പറഞ്ഞു

ജെറുസലേം: സഖ്യ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതിനിടെ ലിക്കുഡ് പാര്‍ട്ടിയുമായുള്ള ചര്‍ച്ച റദ്ദാക്കി ഗാദി ഐസന്‍കോട്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന് പിന്നാലെയാണ് ഐസന്‍കോട്ടിന്റെ തീരുമാനം. നെതന്യാഹുവിന് ഐക്യത്തേക്കാള്‍ പ്രധാനം സ്വന്തം കാര്യമെന്നാണ് യാഷര്‍ പാര്‍ട്ടി ആരോപിക്കുന്നത്. നെതന്യാഹുവിന്റെ പ്രസംഗം ഭ്രാന്തവും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് ഐസന്‍കോട്ട് പറഞ്ഞു. അറബ് പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നെതന്യാഹു ഉന്നയിച്ചത്. അറബ് പാര്‍ട്ടികള്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം. നെതന്യാഹുവിന്റേത് വംശീയ പരാമര്‍ശമാണെന്ന് അറബ് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. അതേസമയം നെതന്യാഹുവിനെതിരെ അന്വേഷണ നീക്കവുമായി ഐസന്‍കോട്ട് രംഗത്ത് വന്നിരിക്കുകയാണ്. ഒക്ടോബര്‍ 7 വീഴ്ചയിലാണ് അന്വേഷണത്തിന് നീക്കം നടക്കുന്നത്. സ്വതന്ത്ര അന്വേഷണത്തിനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. സ്പീക്കറെ നീക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്പീക്കറെ പുറത്താക്കുന്നതിനുള്ള ചര്‍ച്ച നവംബര്‍ 17 ന് നടക്കും.

കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയില്‍, പ്രതിപക്ഷ നേതാക്കള്‍ തന്നോടൊപ്പം ചേര്‍ന്ന് ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് തിങ്കളാഴ്ച നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐക്യ സര്‍ക്കാരിനായുള്ള ചര്‍ച്ചകളെക്കുറിച്ചും, അവ പരാജയപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇറാനില്‍ നിന്നുള്ള ആണവ ഭീഷണിയെ നേരിടാന്‍ ഒരു ഐക്യ സര്‍ക്കാര്‍ അനിവാര്യമാണെന്ന് ചൊവ്വാഴ്ച നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ആണവ ഭീഷണി തകര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇസ്രയേലിലെ അറബ് പാര്‍ട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നെതന്യഹുവിന്റെ ഭാഗത്തി നിന്നുണ്ടായി. നെതന്യാഹുവിന്റെ ഈ പ്രസംഗത്തെ ഭ്രമാത്മകവും, ഭിന്നിപ്പുണ്ടാക്കുന്നതും, വിദ്വേഷം നിറഞ്ഞതും, ലജ്ജാകരവും എന്നാണ് ഐസന്‍കോട്ട് വിശേഷിപ്പിച്ചത്.

ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നതിന് പകരം ഇസ്രായേലി പൗരന്മാരെ ഭിന്നിപ്പിക്കാനാണ് നെതന്യാഹു തുടര്‍ന്നും ശ്രമിക്കുന്നതെന്ന് യഷാര്‍ പാര്‍ട്ടി പ്രസ്താവനയില്‍ ആരോപിച്ചു. 'ഇന്ന് വൈകുന്നേരം സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഇസ്രായേലി പൗരന്മാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ഇതിലൂടെ, നെതന്യാഹുവിന് ഐക്യം വേണ്ട എന്ന കാര്യത്തിന് മറ്റൊരു തെളിവ് കൂടി ലഭിച്ചിരിക്കുന്നു, ഇതൊരു ദുഃഖകരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്,' പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. 'ഒരു വശത്ത് നിര്‍ണായകമായ സാഹചര്യവും ഇസ്രായേലി സമൂഹത്തിന്റെ കരുത്തും, മറുവശത്ത് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പും, ഈ രണ്ടിലൊന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, നെതന്യാഹു എപ്പോഴും എന്ത് വില കൊടുത്തും സ്വയം തന്നെയാണ് തിരഞ്ഞെടുക്കുക എന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ദേശീയ ഐക്യം കൈവരിക്കുന്നതിനായി നെതന്യാഹു സാധ്യമായ എല്ലാ വഴികളും തേടുമെന്നും, ഐക്യം ആഗ്രഹിക്കുന്ന ഏത് വിഭാഗത്തിന്റെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും ലിക്കുഡ് പാര്‍ട്ടിയും പ്രസ്താവനയില്‍ പറഞ്ഞു. നെസെറ്റിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇറങ്ങിപ്പോയ അറബ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരുന്ന അതേസമയം, ലിക്കുഡ് പാര്‍ട്ടിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റദ്ദാക്കിയത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് ലിക്കുഡ് പാര്‍ട്ടി വിശേഷിപ്പിച്ചു. ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നെതന്യാഹു ഉറച്ചുനില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Gadi Eisenkot has cancelled talks with the Likud Party following Benjamin Netanyahu's parliamentary speech, which he described as divisive. The Yashar Party accused Netanyahu of prioritising his personal interests over national unity. The dispute intensified after Netanyahu's remarks about Arab parties, which were criticised as racist. Eisenkot has also introduced a bill seeking an independent inquiry into the October 7 failures and issued a notice seeking the removal of the parliamentary speaker. A discussion on the speaker's removal is scheduled for November 17.

To advertise here,contact us