വാഷിങ്ടണ്‍: ഇസ്രയേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ജനതയുടെ വിജയമെന്ന് പലസ്തീന് വംശജയായ അമേരിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ അബെര്‍ കവാസ്. സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ഇക്കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക് സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കവാസ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്.
രാജ്യമെമ്പാടുമുള്ള നികുതിദായകര്‍ ഏറെ കാലമായി മുമ്പോട്ട് വെക്കുന്ന ആവശ്യമാണ് ഇതെന്നും, തങ്ങളുടെ നികുതിപ്പണം വംശഹത്യയ്ക്കും മറ്റ് രാജ്യങ്ങളുടെ സൈനിക സേവനങ്ങള്‍ക്കും ചെലവഴിക്കുന്നതില്‍ അവര്‍ നിരാശരായിരുന്നുവെന്നും കവാസ് പറഞ്ഞു. ട്രംപിന്റെ നയപരമായ പിന്മാറ്റം അമേരിക്കന്‍ ജനതയുടെ വിജയമാണെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക കാരണങ്ങളാല്‍ മാത്രമല്ല, ധാര്‍മിക-നൈതിക കാരണങ്ങളാലും രാഷ്ട്രനേതാക്കള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്നും കവാസ് വ്യക്തമാക്കി.
അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായ അബ്ദുല്‍ എല്‍ സെയ്ദും ട്രംപിന്റെ ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു. ട്രംപിന്റെ ഈ സമീപനത്തോട് താന്‍ യോജിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹത്തിന്റെ ആ നിലപാടിനോട് ഞാന്‍ യോജിക്കുന്നു. നമ്മുടെ പണമുപയോഗിച്ച് അതിക്രമങ്ങള്‍ നടത്തിയ ഒരു വിദേശ രാജ്യത്തിന് നമ്മള് ഇനിയും ധനസഹായം നല്‍കേണ്ടതില്ല. അദ്ദേഹത്തിന്റെ ഈ നിലപാട് എനിക്ക് സ്വീകാര്യമാണ്. ഇസ്രയേലിന് ധനസഹായം അവസാനിപ്പിക്കുന്നതിനായി അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,' സെയ്ദ് വ്യക്തമാക്കി.
നേരത്തെ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള ധനസഹായം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നെതന്യാഹുവുമായി ധാരണയിലെത്തിയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുന്നതുവരെ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇസ്രയേല്‍ ധനകാര്യ മന്ത്രാലയം അറിഞ്ഞിരുന്നില്ല എന്നാണ് പ്രൈവറ്റ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027ലും 2028ലും ഇസ്രയേലിന്റെ പ്രതിരോധ ബജറ്റുകള്‍ക്ക് ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി ഈ സഹായം പ്രതീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2016ല്‍ ഒപ്പുവച്ച ഒരു ധാരണാപത്രം അനുസരിച്ച്, 2028 വരെ ഇസ്രയേലിന് 38 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്കാന് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.
Content Highlight: Palestinian-American New York State Senator Aber Kawas has described US President Donald Trump's decision to end military aid to Israel as a victory for the American people. In an interview with CNN, Kawas, who was elected to the New York State Senate in the recent midterm elections, expressed support for Trump's decision.