തെഹ്റാൻ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാലും അമേരിക്കയോടുള്ള ഇറാന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുഹമ്മദ് മുഖ്ബർ. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മുഹമ്മദ് മുഖ്ബറിൻ്റെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സമയം ഒരു ദേശീയ സമ്പത്താണ്. അത് പാഴാക്കരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
യുദ്ധം വീണ്ടും ആരംഭിച്ചാൽ ഇറാൻ കനത്ത തിരിച്ചടി നൽകുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. 'അമേരിക്കൻ വോട്ടർമാർ അവരുടെ തീരുമാനം എടുത്തുകഴിഞ്ഞു. ഇനി വൈറ്റ് ഹൗസിന്റെ ഊഴമാണ്. ഞങ്ങൾ മുന്നോട്ടുവച്ച രണ്ട് ദിവസത്തെ നിർദേശം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ അതിന്റെ ഫലം കാണാനാകും' എന്നാണ് അരാഗ്ചി എക്സിൽ കുറിച്ചത്. അല്ലെങ്കിൽ യുദ്ധം തിരഞ്ഞെടുക്കുക. ഞങ്ങളുടെ ജാഗ്രതയോടെയും യുദ്ധസജ്ജരായും നിൽക്കുന്ന പോരാളികൾ എങ്ങനെയാണ് നരകം വർഷിക്കുന്നതെന്ന് കാണാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിലെ അമേരിക്കൻ ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സൈനിക താവളങ്ങൾക്ക് പുറത്തും ഇറാന്റെ ആക്രമണപരിധിയിൽ വരുന്ന ചില അമേരിക്കൻ ലക്ഷ്യങ്ങളുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം എക്സിലൂടെ പങ്കുവച്ച പ്രസ്താവനയിൽ അരാഗ്ചി മുന്നറിയിപ്പ് നൽകി.
American voters have made their choice. Time for the White House to make its own. Our 2-day proposal stands: meet the requirements, including end to war on all fronts, and you will see results. Or choose war, and see our alert and battle-hardened Warriors rain down hell.
ഇതിനിടെ ഹോർമൂസ് കടലിടുക്കിന് കിഴക്കുഭാഗത്ത് നാവിക മൈനിലിടിച്ച് എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നാവികസേനയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കപ്പൽ അതിന്റെ തിരിച്ചറിയൽ സംവിധാനങ്ങൾ ഓഫ് ചെയ്തിരുന്നുവെന്നും തന്ത്രപ്രധാനമായ കടൽമേഖലയിലെ നിരോധിത മേഖലയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും നാവികസേന അറിയിച്ചു.
യെമനിൽ സൗദി അറേബ്യ നടത്തുന്ന ആക്രമണങ്ങളെയും ഇറാൻ അപലപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ഇറാൻ ആഹ്വാനം ചെയ്തു. സൈനിക ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കുക, ഉപരോധം പൂർണമായി പിൻവലിക്കുക, യെമൻ ജനതയുടെ സ്വയംനിർണയാവകാശം മാനിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. വിദേശകാര്യ മന്ത്രാലയം എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെയുണ്ടായ വ്യോമാക്രമണങ്ങളെയും ഇറാൻ അപലപിച്ചു. തായിസിലെ ഒരു മാർക്കറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട സംഭവവും പ്രസ്താവനയിൽ പരാമർശിച്ചു.
Content Highlights: An adviser to Iran's Supreme Leader says the outcome of the US midterm elections will not change Tehran's stance towards Washington, stressing that Iran should focus on mobilising its domestic economic resources