വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി അമേരിക്കന്‍ പ്രസിന്റ് ഡോണള്‍ഡ് ട്രംപ്. സെനറ്റിലും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് ട്രംപ് തോല്‍വിയെ കുറിച്ച് വിശദീകരിക്കുന്നത്. ഇറാന് യുദ്ധവും എണ്ണവില വര്‍ധനവും ജനങ്ങളെ സ്വാധീനിച്ചുവെന്നും ഇത് തിരിച്ചടിക്കുള്ള കാരണങ്ങളായെന്നും സിബിഎസ് ന്യൂസിന്റെ '60 മിനിട്സ്' അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നില്ലെന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. തന്റെ പേര് ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നില്ലെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തിയിരുന്നു. താന്‍ ബാലറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വലിയ ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ് റാലികളും അവിടെ ലഭിച്ച പിന്തുണയും തന്റെ ജനപ്രീതിയുടെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, തനിക്കായി വോട്ട് ചെയ്യാന്‍ തയ്യാറായിരുന്ന ജനങ്ങളെ താന്‍ പിന്തുണച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തോല്‍വിക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത് ഇറാനുമായുള്ള യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ്. വോട്ടര്‍മാര്‍ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തോടുള്ള എതിര്‍പ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
പെട്രോള്‍ വിലവര്‍ധനവും തോല്‍വിക്ക് കാരണമായി ട്രംപ് വിലയിരുത്തി. പെട്രോള്‍ വില താന്‍ വളരെ താഴ്ന്ന നിലയില്‍ എത്തിച്ചിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ പിന്നീട് വില ഉയര്‍ന്നുവെന്നും ഈ വിലവര്‍ധനവില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
ഇസ്രയേലിനെതിരായ ജനങ്ങളുടെ അതൃപ്തിയാണ് തോല്‍വിയുടെ മറ്റൊരു കാരണമായി ട്രംപ് വിലയിരുത്തിയത്. ഇസ്രയേലിനോട് അസാധാരണമായ എതിര്‍പ്പ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ മത്സരിക്കുന്നതുപോലെ നിങ്ങള്‍ വോട്ട് ചെയ്യുക (Vote like I'm on the ballot)' എന്നായിരുന്നു പ്രചരണ വേളയില്‍ ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്, എന്നിട്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റുവെന്ന അവതാരകന്റെ ചോദ്യത്തിന് വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ചിലയിടങ്ങളില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ ഇഷ്ടപ്പെട്ടിരുന്നില്ല അതുകൊണ്ട് അവര്‍ വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നും അങ്ങനെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
തന്റെ വ്യക്തിപ്രഭാവവും ജനപ്രീതിയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലേക്ക് മാറ്റാന്‍ സാധിച്ചില്ലെന്നും ചില സ്ഥാനാര്‍ത്ഥികളോടുള്ള ജനങ്ങളുടെ അതൃപ്തി തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം അഭിമുഖത്തിൽ തുറന്ന് സമ്മതിക്കുന്നുണ്ട്.
Content Highlight: US President Donald Trump has attributed the Republican Party's setbacks in the midterm elections to the Iran war and rising oil prices, saying both issues influenced voters. Speaking to 60 Minutes, Trump discussed the party's defeat amid reports of losing its majorities in both the Senate and the House of Representatives.