'അദ്ദേഹമൊരു മാന്യനാണ്'; ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള പ്രണയത്തിൽ ഹുവാങ്ങിനെ പിന്തുണച്ച് ട്രംപ്

ഹുവാങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പിന്തുണയെന്നതും ശ്രദ്ധേയമാണ്

വാഷിങ്ടണ്‍: ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായി പ്രണയത്തിലാണെന്ന് തുറന്നുസമ്മതിച്ച ആഗോള ചിപ്പ് നിര്‍മാണരംഗത്തെ ഭീമനായ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പിന്തുണയെന്നതും ശ്രദ്ധേയമാണ്. മാന്യനായ, അന്തസ്സുള്ള വ്യക്തിയെന്നാണ് ട്രംപ് ഹുവാങ്ങിനെ വിശേഷിപ്പിച്ചത്.

ഹുവാങ്ങിനെതിരായ ആരോപണങ്ങള്‍, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍, ഇവ സംബന്ധിച്ച് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നടത്തിയ അന്വേഷണം എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 'അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടായിരിക്കാം. നിങ്ങളത് കേള്‍ക്കണം. ഈ രാജ്യത്തിന് വേണ്ടി അദ്ദേഹം മികച്ച കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാളുമായി ഹുവാങ്ങിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രഹസ്യാന്വേഷണ രേഖ തയ്യാറാക്കുന്നതിന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മേല്‍നോട്ടം വഹിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റൂബിയോയുടെ മേല്‍നോട്ടത്തില്‍ വസന്തകാലത്ത് തയ്യാറാക്കിയ ഈ രേഖ, മെയ് മാസത്തില്‍ ട്രംപ് ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍വിഡിയ മേധാവിയുമായി ബന്ധമില്ലാത്ത ചൈനീസ് വ്യവസായിയായ ആലിസ് ഹുവാങ്ങിനെ ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയമാക്കിയതില്‍ നിന്നാണ് ഈ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മെഗാസ്പീഡ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായി ജെന്‍സന്‍ ഹുവാങ്ങിനുള്ള അടുപ്പമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. യുഎസ് ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടന്ന് ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകള്‍ കടത്താന്‍ ആലിസ് ഹുവാങ് സഹായിച്ചതായും അവര്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും യുഎസ് അധികൃതര്‍ സംശയിക്കുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഹുവാങ്ങിനെതിരെ എന്‍വിഡിയ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് എന്‍വിഡിയയുടെ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.

കമ്പനിയുടെ രഹസ്യങ്ങളോ യുഎസ് ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും ചോര്‍ന്നെന്ന് നിലവില്‍ കരുതുന്നില്ലെന്ന് എന്‍വിഡിയ ബോര്‍ഡ് വ്യക്തമാക്കുന്നത്. സ്വതന്ത്ര ഡയറക്ടര്‍മാരും പുറത്തുനിന്നുള്ള നിയമോപദേശകരും അടങ്ങുന്ന സമിതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അന്വേഷണം തുടരുമ്പോഴും സിഇഒ പദവിയില്‍ ജെന്‍സന്‍ ഹുവാങ് തന്നെ തുടരുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

വിഷയത്തില്‍ യുഎസ് പ്രതിനിധി സഭയിലെ പ്രമുഖ സമിതികളും ഇടപെട്ടിട്ടുണ്ട്. ഫോറിന്‍ അഫയേഴ്സ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്റലിജന്‍സ് എന്നീ മൂന്ന് നിര്‍ണായക ഹൗസ് പാനലുകളുടെ ചെയര്‍മാന്മാര്‍ ഹുവാങ്ങിന് കത്തയച്ചു. മെഗാസ്പീഡുമായുള്ള ഇടപാടുകളെക്കുറിച്ചും കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് കടന്നുകയറ്റവും അത്യാധുനിക യുഎസ് സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനവും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി സമിതി അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടി.

Content Highlight: US President Donald Trump has defended Nvidia CEO Jensen Huang amid controversy over his reported romantic relationship with a woman suspected of being a Chinese intelligence operative. Describing Huang as an honourable man, Trump expressed support for the chip industry executive despite the criticism surrounding the alleged relationship.

To advertise here,contact us