നാട്ടിലേയ്ക്ക് മടങ്ങാനുള്ള പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ച് ഷെയ്ഖ് ഹസീന; അപേക്ഷ തള്ളി ബംഗ്ലാദേശ് സർക്കാർ

ഹസീന ഒളിവിൽ കഴിയുന്ന കുറ്റവാളിയാണെന്നും അവരെ കൈമാറുന്നതിനായി ഇന്ത്യയുമായി സജീവമായ കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറിൻ്റെ പ്രതികരണം

ന്യൂഡൽഹി: പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നൽകിയ അപേക്ഷ നിരസിച്ച് ബം​ഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നതിനായാണ് ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീനതിങ്കളാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽഅപേക്ഷ സമർപ്പിച്ചത്. 2024ൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ രാജ്യം വിട്ട ഹസീനയുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള ആദ്യ ഔദ്യോഗിക നീക്കമാണിതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലുള്ള ബംഗ്ലാദേശ് പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ഇടക്കാല സർക്കാർ ഉൾപ്പെടെയുള്ള അധികാരികൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ടെന്നും അതിനാൽ പുതിയ രേഖകൾ അനുവദിക്കണമെന്നുമാണ് ഹസീനയുടെ അഭിഭാഷകർ ആവശ്യപ്പെട്ടത്. ലണ്ടൻ ആസ്ഥാനമായ മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകരാണ് ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് കത്തയച്ചത്. ബംഗ്ലാദേശ് പൗരത്വത്തിന്റെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾ പ്രകാരമുള്ള ബാധ്യതകൾ പരിഗണിച്ചും അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ഭീകരവാദിക്ക് പാസ്‌പോർട്ട് നൽകുന്ന പതിവ് ബംഗ്ലാദേശിനില്ലെന്നായിരുന്നു ഇതിനോടുള്ള സർക്കാരിന്റെ പ്രതികരണം. ഹസീന ഒളിവിൽ കഴിയുന്ന കുറ്റവാളിയാണെന്നും അവരെ കൈമാറുന്നതിനായി ഇന്ത്യയുമായി സജീവമായ കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ മാധ്യമങ്ങളോട് പറഞ്ഞു. 'അവരെ ഒരു സാധാരണ യാത്രക്കാരിയെപ്പോലെ പരിഗണിച്ച് ബന്ധുക്കളുടെ വീട്ടിൽ സന്ദർശനത്തിന് വരാൻ ക്ഷണിക്കണമെന്നാണോ പറയുന്നത്?' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഹസീനയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. രണ്ട് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ബം​ഗ്ലാദേശിലേയ്ക്ക് മടങ്ങാനുള്ള ഷെയ്ഖ് ഹസീനയുടെ തീരുമാനത്തിന് ഇതുവരെ ലഭിച്ചതിൽവെച്ച് ഏറ്റവും വ്യക്തമായ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് താൻ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതെന്ന് ഹസീന നേരത്തെ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായശേഷം മടങ്ങിവരുന്ന തീയതി പ്രഖ്യാപിക്കുമെന്ന് അവരുടെ സഹായികളും തിങ്കളാഴ്ച അറിയിച്ചിരുന്നു. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് രാജ്യത്ത് നിലവിൽ നിരോധനമുണ്ട്. അവരുടെ തിരിച്ചുവരവ് ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ-നിയമ പ്രതിസന്ധികൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ടെന്ന കുറ്റത്തിന് കഴിഞ്ഞ വർഷം നവംബറിൽ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ വിചാരണക്കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണയും വിധിയും. എന്നാൽ, ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന അവർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

Content Highlights: Former Bangladesh Prime Minister Sheikh Hasina has applied for a new passport to return to her home country, but the Bangladesh government has rejected her application.

To advertise here,contact us