ദമാസ്കസ്: ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ പോരാടാൻ സൗദി അറേബ്യയ്ക്ക് സൈനിക സഹായം നൽകാൻ സിറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൂതി ആക്രമണങ്ങൾ പ്രതിരോധിക്കാൻ യെമൻ അതിർത്തിയിൽ വിന്യസിക്കുന്നതിനായി സിറിയൻ സൈനികരെ സൗദിയിലേക്ക് അയക്കാനാണ് നീക്കം. സിറിയൻ സൈനിക ഉപദേഷ്ടാക്കൾ ഇതിനകം സൗദിയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സൈനികർ യെമനിലേക്ക് കടക്കില്ലെന്നാണ് വിവരം.
അടുത്തയാഴ്ചയോടെ 600 പേരടങ്ങുന്ന സിറിയൻ പ്രത്യേക സേനയെ സൗദിയിൽ വിന്യസിക്കാനാണ് പ്രാഥമിക തീരുമാനം. 82-ാം ഡിവിഷൻ കമാൻഡർ ഖാലിദ് ഖത്താബിന്റെ നേതൃത്വത്തിലുള്ള സിറിയൻ പ്രതിനിധി സംഘം അടുത്തിടെ സൗദിയിൽ രണ്ടാഴ്ചത്തെ സന്ദർശനം നടത്തിയിരുന്നു. കൂടാതെ, 36 സിറിയൻ സൈനിക ഉദ്യോഗസ്ഥർ ജിദ്ദയിലെ കമാൻഡ് ആൻഡ് ഓപ്പറേഷൻസ് റൂം സന്ദർശിക്കുകയും വിവിധ യുദ്ധമുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ചില സൈനിക ഉപദേഷ്ടാക്കൾ സൗദി സേനയ്ക്കും യെമൻ സേനയ്ക്കും പരിശീലനം നൽകുന്നുണ്ട്.
അമേരിക്ക നൽകിയ ആധുനിക യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുണ്ടായിട്ടും ഹൂതികളെ പൂർണ്ണമായി പരാജയപ്പെടുത്താൻ സൗദിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം സൈന്യത്തെ നേരിട്ട് യുദ്ധത്തിനിറക്കാൻ സൗദിയുടെ മറ്റ് സഖ്യരാജ്യങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിലൂടെ പരിചയസമ്പന്നരായ സിറിയൻ സൈന്യത്തിന്റെ സഹായം സൗദി തേടുന്നത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമ്മാണത്തിന് സൗദി അറേബ്യ വലിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിനായി 400 മില്യൺ ഡോളർ വായ്പ നൽകാൻ കഴിഞ്ഞയാഴ്ച റിയാദിലെത്തിയ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ഷറയുമായി സൗദി ഭരണകൂടം ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും സൈനിക സഹകരണ കരാറിലും ഒപ്പുവെച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ സൗദി, തുർക്കി, പാക്കിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാറി'ൽ പങ്കുചേരാനും സിറിയ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമാണ്. ഇതിന്റെ തുടർച്ചയായാണ് സൗദിക്കെതിരെ ഹൂതികൾ ആക്രമണം ശക്തമാക്കിയത്. എന്നാൽ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ സൈനിക ഇടപെടൽ നടത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം സിറിയ നേരത്തെ തള്ളിയിരുന്നു. പുതിയ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താല്പര്യമില്ലെന്നും രാജ്യത്തിന്റെ പുനർനിർമ്മാണമാണ് ലക്ഷ്യമെന്നുമാണ് പ്രസിഡന്റ് അഹ്മദ് അൽ-ഷറയുടെ നിലപാട്. 2024 ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് പുറത്താക്കപ്പെട്ടതിന് പിന്നാലെ തെക്കൻ സിറിയയിലെ യുഎൻ ബഫർ സോൺ ഇസ്രയേൽ സേന പിടിച്ചെടുത്തിരുന്നു. ഇസ്രയേൽ പിന്മാറണമെന്ന് സിറിയ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരുമായി ഒരു യുദ്ധത്തിന് സിറിയ തയ്യാറല്ല. പുതിയ പ്രതിരോധ കരാറിലൂടെ ഇസ്രയേലിനെതിരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ സിറിയ തേടുമോ എന്ന ആശങ്കയുമുണ്ട്.
അതേസമയം, ഹൂതികൾക്കെതിരെ തിരിഞ്ഞാൽ ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യകളിൽ നിന്ന് സിറിയയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ സിറിയൻ സൈന്യം യെമനിലേക്ക് പോകുമെന്ന വാർത്തകൾ സിറിയൻ വിദേശകാര്യ ഉദ്യോഗസ്ഥർ നിഷേധിച്ചു. സൗദി സേനയ്ക്ക് പരിശീലനം നൽകുക മാത്രമാണ് ലക്ഷ്യമെന്നാണ് നവംബർ 7-ന് പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണം. സൗദി ഭരണകൂടം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Saudi Arabia is reportedly preparing to deploy 600 Syrian special forces personnel to help counter Houthi attacks near the Yemen border