കെയ്റോ: ഈജിപ്റ്റിലെ ഗിസ പ്രവിശ്യയില്‍ ഇന്നലെ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി. 125 പേര്‍ക്ക് പരിക്കേറ്റതയായാണ് ആരോഗ്യ മന്ത്രാലയം നല്കുന്ന വിവരം. ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കെയ്റോയില്‍ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടസ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ട്രെയിന്‍ സര്‍വീസുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനുമായും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തക സംഘങ്ങളെയും ക്രെയിനുകളെയും സ്ഥലത്തേക്ക് അയച്ചതായി ഈജിപ്ഷ്യന്‍ നാഷണല്‍ റെയില്‍വേ അറിയിച്ചു. അപകടസ്ഥലത്ത് നിന്ന് ആളുകളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി 70തിലധികം ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ അറിയിച്ചു.
അപകടത്തെ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍-സിസി പറഞ്ഞു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി അടിയന്തര അന്വേഷണം നടത്താന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. അപകടത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ വിഴ്ച വന്നതായി ദൃക്സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. മറിഞ്ഞുകിടന്ന ട്രെയിന്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും റെയില്‍വേ ജീവനക്കാരും ഏറെ പ്രയാസപ്പെട്ടിരുന്നു. അസ്വാനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ഫയൂമിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിന്‍ അതിലേക്ക് ഇടിച്ചുകയറിയത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉച്ചയ്ക്ക് 1:30-ഓടെയാണ് അപകടം നടന്നത്. ആറ് ബോഗികള്‍ മറിയുന്ന സാഹചര്യമുണ്ടായി.
അപകടം നടന്ന അല്‍-അയ്യാത്ത് പ്രദേശം മുമ്പ് ഈജിപ്റ്റിലെ ഏറ്റവും വലിയ റെയില്‍ ദുരന്തം നടന്ന സ്ഥലം കൂടിയാണ്. 2002ല്‍ കെയ്റോയ്ക്ക് തെക്ക് ഭാഗത്തുവെച്ച് അവധിക്കാല യാത്രക്കാരുമായി പോയ ഒരു ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ 370ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 2009ലും ഈ പ്രദേശത്തുണ്ടായ വിവിധ ട്രെയിന്‍ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി. 11 കോടി ജനസംഖ്യയുള്ള ഈജിപ്റ്റ് റെയില്‍ ഗതാഗതത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. എന്നാല്‍, ആഫ്രിക്കയിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളിലൊന്നായ ഇവിടുത്തെ സംവിധാനത്തിന് ആധുനികവല്‍ക്കരണം അനിവാര്യമാണ് എന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ, പുതിയ ഹൈവേകളും അതിവേഗ റെയില്‍ പാതകളും ഉള്‍പ്പെടെയുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഈജിപ്റ്റ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. എന്നിരുന്നാലും, കാലപ്പഴക്കം ചെന്ന ട്രെയിന്‍ സര്‍വീസുകളില്‍ ഭൂരിഭാഗവും ഇപ്പോഴും കാര്യമായ നവീകരണത്തിന് വിധേയമായിട്ടില്ല എന്നതും പോരായ്മയാണ്.
Content Highlights: A train collision in Egypt's Giza province has left seven people dead and 125 injured, according to the Health Ministry. A train travelling from Giza to Fayoum collided with the rear of another train heading from Cairo to Aswan. More than 70 ambulances were deployed to transport the injured to nearby hospitals, while rescue teams and cranes were sent to clear the wreckage and restore normal train services.