വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ ആരംഭിച്ചു. ഖത്തർ വിദേശകാര്യ മന്ത്രി കൂടിയായ ഷെയ്ഖ് മുഹമ്മദ് അൽതാനി അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പ്രധാന മധ്യസ്ഥൻ കൂടിയാണ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹം തെഹ്റാൻ സന്ദർശിച്ചിരുന്നു. ഇറാനുമായി തുടരുന്ന ചർച്ചകളുടെ വിശദാംശങ്ങൾ ഖത്തർ പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപിനെ ധരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടു ദിവസത്തെ ധാരണ എന്ന നിർദേശമാണ് ഖത്തർ മുന്നോട്ടുവയ്ക്കുന്നത്. ആദ്യ ദിവസം അമേരിക്ക സാമ്പത്തിക ഉപരോധത്തിൽ ഇളവുകൾ വരുത്തുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും വേണം. പകരമായി രണ്ടാം ദിവസം ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുകയും അതുവഴിയുള്ള എണ്ണക്കടത്ത് തടസ്സങ്ങളില്ലാതെ പുനരാരംഭിക്കാൻ അനുവദിക്കുകയും ചെയ്യണം.
ഇറാനുമായി നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഖത്തർ പ്രധാനമന്ത്രി ട്രംപിന് ചർച്ചകളുടെ വിശദാംശങ്ങൾ കൈമാറുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഖത്തർ മുന്നോട്ടുവയ്ക്കുന്ന നിർദേശം ട്രംപ് അംഗീകരിക്കുമോ എന്നതാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അടിയന്തരമായി ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞതോടെ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യവും ഡോണൾഡ് ട്രംപ് പരിഗണിച്ചേക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്.
വൈറ്റ് ഹൗസിലെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെ നിലപാടും സമാധാന നീക്കത്തിന് അനുകൂലമായേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിൽ നിന്ന് മാന്യമായ രീതിയിൽ പിന്മാറാൻ ട്രംപിനെ സഹായിക്കാമെന്ന വാഗ്ദാനമാണ് മില്ലർ ഈ പദവി ഏറ്റെടുക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നായി മുന്നോട്ടുവച്ചതെന്നാണ് വാഷിങ്ടണിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: US President Donald Trump meets Qatar's Prime Minister Sheikh Mohammed bin Abdulrahman Al Thani at the White House amid efforts to ease tensions and facilitate an end to the US-Israeli war on Iran