വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും മൂല്യമുള്ള എഐ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് ചൈനീസ് ചാരവനിതയുമായി രഹസ്യബന്ധം പുലർത്തിയെന്ന് യു എസ് ഇന്റലിജൻസ് റിപ്പോർട്ട്. ചൈനീസ് സർക്കാരിന് വേണ്ടി വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥയുടെ 'ഹണിട്രാപ്പിൽ' ജെൻസൻ കുടുങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ യുഎസ് കോൺഗ്രസ് ഇടപെട്ടതോടെ അമേരിക്കൻ സാങ്കേതിക ലോകത്ത് ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെഗാസ്പീഡ്' എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ ഉദ്യോഗസ്ഥയായ ആലിസ് ഹുവാങ്ങുമായി ജെൻസന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2023-ൽ ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയിൽ നിന്നാണ് മെഗാസ്പീഡ് രൂപീകരിച്ചത്. അമേരിക്കയുടെ കയറ്റുമതി വിലക്കുകൾ മറികടന്ന് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ മെഗാസ്പീഡ് വഴി ചൈനയിലേക്ക് രഹസ്യമായി കടത്തിയെന്ന് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ജെൻസൻ ഹുവാങ്ങിനോട് അടിയന്തരമായി ഹാജരാകാൻ യുഎസ് ജനപ്രതിനിധി സഭയിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യം, ഇന്റലിജൻസ് തുടങ്ങിയ സുപ്രധാന കമ്മിറ്റികളിലെ അംഗങ്ങളായ ബ്രയാൻ ജെ. മാസ്റ്റ്, ജോൺ മോളെനാർ, റിക്ക് ക്രോഫോർഡ് എന്നിവരാണ് ഹിയറിംഗിനായി അദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. ആലിസുമായുള്ള ബന്ധമെന്താണെന്നും, കമ്പനിയുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും ഇവർ പരിശോധിക്കും. അമേരിക്കയുടെ സുപ്രധാന സാങ്കേതിക വിവരങ്ങളോ ദേശീയ സുരക്ഷാ രഹസ്യങ്ങളോ ചോർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എൻവിഡിയയുടെ ഏറ്റവും പുതിയ എച്ച് 200 എഐ ചിപ്പുകൾ ചൈനയ്ക്ക് വിൽക്കാൻ അമേരിക്ക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജെൻസൻ ഹുവാങ് 2026-ൽ ട്രംപിൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ വിവാദത്തിൽ സിഐഎയോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പുറത്തുവന്ന ആരോപണങ്ങൾ എൻവിഡിയ ശക്തമായി നിഷേധിച്ചു. ജെൻസൻ ഹുവാങ്ങിന് ആലിസുമായി ബിസിനസ്സ് ഇടപാടുകൾക്കപ്പുറം യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. "പ്രതിവർഷം ആയിരക്കണക്കിന് ഇടപാടുകാരുമായി അദ്ദേഹം സംസാരിക്കാറുണ്ട്. ക്ലൗഡ് ഉപഭോക്താക്കൾക്ക് സാധാരണ ബിസിനസ്സ് വിവരങ്ങൾ മാത്രമേ നൽകാറുള്ളൂ. ദേശീയ സുരക്ഷയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല," എൻവിഡിയ വിശദീകരിച്ചു. മെഗാസ്പീഡ് ചിപ്പുകൾ കടത്തിയെന്ന ആരോപണത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ആധുനിക യുദ്ധോപകരണങ്ങൾക്കും സൈനിക നവീകരണത്തിനുമായി ചൈന എഐ ചിപ്പുകൾ സ്വന്തമാക്കുന്നത് തടയാൻ അമേരിക്കൻ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവാദം.
Content Highlights: Reports allege that Nvidia CEO Jensen Huang had a relationship with a woman suspected of working for Chinese intelligence. Nvidia has rejected the claims, saying their association was limited to business dealings.