ഇറാനെതിരായ ദൗത്യം പൂർത്തിയായിട്ടില്ല; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്

ട്രംപിന്റെ പിന്തുണ ഇക്കാര്യത്തില്‍ നെതന്യാഹുവിന് ലഭിക്കുമോയന്നത് വ്യക്തമല്ല

ടെല്‍ അവീവ്: ഇറാനെതിരായ ഇസ്രയേലിന്റെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിക്കുകയാണെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന നീക്കങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് കാറ്റ്‌സിന്റെ പ്രതികരണം. അതേസമയം, ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇറാന്‍ വളരെക്കാലമായി നിഷേധിച്ചുവരികയാണ്.

ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ ഇക്കാര്യത്തില്‍ നെതന്യാഹുവിന് ലഭിക്കുമോയന്നത് വ്യക്തമല്ല. യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഇസ്രയേലില്‍ ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരെ രഹസ്യനീക്കം നടത്താന്‍ നെതന്യാഹുവും ഇസ്രായേല്‍ ഇന്റലിജന്‍സ് ഏജന്‍സി മൊസാദും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വിവരം അറിഞ്ഞ അമേരിക്ക അത് തടഞ്ഞുവെന്നും ഇസ്രയേല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ ഹിസ്ബുള്ള പങ്കുചേര്‍ന്നാല്‍ അതീവ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 27ലെ തെരഞ്ഞെടുപ്പില്‍ നെതന്യാഹു തിരിച്ചടി നേരിട്ടതോടെ എതിരാളിയായ ഗാഡി ഐസന്‍കോട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സൈന്യത്തെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് ഐസന്‍കോട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്ന് കാറ്റ്‌സ് സൈനിക ചടങ്ങില്‍ പറഞ്ഞു.

Content Highlights: Israeli Defence Minister Israel Katz says the mission against Iran remains incomplete, accusing Tehran of pursuing nuclear weapons. Netanyahu has hinted at fresh strikes, while uncertainty remains over US support

To advertise here,contact us