അഞ്ച് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പലസ്തീൻ മാധ്യമപ്രവർത്തകൻ അബേദ് അബു ഷഹാദെയെ വിട്ടയച്ചു

തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടവും മാധ്യമപ്രവർത്തനവും തുടരുമെന്ന് അബു ഷഹാദെ വ്യക്തമാക്കി

ടെൽഅവീവ്: അഞ്ച് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പലസ്തീൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ അബേദ് അബു ഷഹാദെയെ ഇസ്രയേൽ പൊലീസ് വിട്ടയച്ചു. കാര്യമായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താതെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച അബു ഷഹാദെ തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടവും മാധ്യമപ്രവർത്തനവും തുടരുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജാഫയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഇസ്രയേൽ സുരക്ഷാസേന നടത്തിയ റെയ്ഡിനെ തുടർന്നാണ് അബു ഷഹാദെയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടെൽ അവീവ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി നവംബർ എട്ട് ഞായറാഴ്ച വരെ നീട്ടാൻ ഉത്തരവിട്ടിരുന്നു. 'വിദേശ ഏജന്റുമായി ബന്ധം പുലർത്തി' എന്ന സംശയത്തിന്റെ പേരിൽ എട്ട് ദിവസത്തെ കസ്റ്റഡി നീട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. അബു ഷഹാദെയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന നിയമാവകാശ സംഘടനയായ അദാലയുടെ സ്ഥാപകൻ ഹസൻ ജബാരീൻ ആരോപണങ്ങൾ തള്ളിയിരുന്നു. വിദേശത്തുനിന്ന് ആരിൽനിന്നെങ്കിലും അബു ഷഹാദെ പണം സ്വീകരിച്ചതിന് തെളിവുകളില്ലെന്നും അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും ജബാരീനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

പലസ്തീൻ ബുദ്ധിജീവിയും മുൻ നെസറ്റ് അംഗവുമായ അസ്മി ബിഷാറയുമായി ഖത്തറിൽ നടത്തിയ അഭിമുഖമാണ് അബു ഷഹാദെയുടെ അറസ്റ്റിന് കാരണമായതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രധാനമായും ഈ അഭിമുഖത്തെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. അബു ഷഹാദെക്കെതിരെ നടക്കുന്നത് ക്രിമിനൽ അന്വേഷണമല്ല. പലസ്തീൻ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള നീക്കമാണെന്ന് അദാല അഭിഭാഷക ഹദീൽ അബു സാലിഹിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഒരു രാഷ്ട്രീയ നേതാവുമായി പരസ്യമായി സംസാരിച്ചാൽ പോലും തടവറയിലെത്തേണ്ടി വരുമെന്ന സന്ദേശമാണ് ഇസ്രയേലിലെ പലസ്തീൻ ജനതയ്ക്ക് പൊലീസ് നൽകുന്നതെന്നും, അവർ കൂട്ടിച്ചേർത്തിരുന്നു. അഭിമുഖമല്ലാതെ അബു ഷഹാദെയ്ക്കെതിരെ മറ്റൊരു ആരോപണവും പൊലീസ് ഉന്നയിച്ചിട്ടില്ലെന്നാണ് അദാലയുടെ വിശദീകരണം. ഇസ്രയേൽ തെരഞ്ഞെടുപ്പ് പ്രചാരണവും പലസ്തീനികളും ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു അഭിമുഖത്തിൽ ചർച്ച ചെയ്തത്. ഈ അഭിമുഖം ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാണ്.

മുഖംമൂടി ധരിച്ചവരടക്കം 15 ഓളം സുരക്ഷാ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അബു ഷഹാദെയുടെ വീട്ടിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾ കൺമുന്നിൽ നിൽക്കെയാണ് ഇലക്ട്രോണിക് ഉപകരണങ്ങളും പുസ്തകങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്ന് നിയമാവകാശ സംഘടനയായ അദാല അറിയിച്ചിരുന്നു. ആദ്യം അബു ഷഹാദെയെ എവിടെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് കുടുംബത്തെ അറിയിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് പെറ്റാ ടിക്വയിലെ ഷിൻ ബെത്ത് രഹസ്യാന്വേഷണ കേന്ദ്രത്തിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്ന് അഭിഭാഷകർ കണ്ടെത്തുകയായിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഷിൻ ബെത്ത് മേധാവിയും ചേർന്ന് നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ഹസൻ ജബാരീൻ ആരോപിച്ചിരുന്നു. ഇസ്രയേലിലെ അറബ് വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളെയും നിയമവിരുദ്ധരായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Palestinian journalist and political activist Abed Abou Shhadeh has been released after five days in Israeli detention following his arrest in Jaffa. He described the arrest as politically motivated and vowed to continue his work.

To advertise here,contact us