ടെൽ അവീവ്: ഇസ്രയേൽ തിരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇറാനെ ആക്രമിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 16-ന് വൈകുന്നേരം ആക്രമണം നടത്താനായിരുന്നു നെതന്യാഹുവും മൊസാദ് തലവന് റോമന് ഗോഫ്മാനും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിവരമറിഞ്ഞ അമേരിക്ക അടിയന്തരമായി ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ 'ചാനൽ 12' ആണ് ലോകത്തെ ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.
ആക്രമണ പദ്ധതിയെച്ചൊല്ലി നെതന്യാഹുവും ഇസ്രയേൽ സൈനിക മേധാവിയും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്നും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പോലും അതുവഴി ഭരണം നിലനിർത്താമെന്നുമായിരുന്നു നെതന്യാഹുവിൻ്റെ കണക്കുകൂട്ടൽ എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആക്രമണം നടന്നാൽ തിരഞ്ഞെടുപ്പ് തന്നെ മാറ്റിവെക്കേണ്ടി വരുമെന്ന് കണ്ട് സൈനിക ഉദ്യോഗസ്ഥർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചാനൽ 12-ന്റെ വാർത്ത നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് റദ്ദാക്കപ്പെട്ട ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ, ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു ഡൊണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി ചാനൽ 12 മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ടെഹ്റാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളിൽ ഇസ്രയേൽ ഇടപെടുന്നത് തൽക്കാലം ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾ വിജയമായാൽ ഇറാനുമേലുള്ള സമ്മർദ്ദം ഗണ്യമായി കുറയുമെന്നാണ് നെതന്യാഹു ഭയക്കുന്നത്.
വെള്ളിയാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളെ കണ്ട ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ചർച്ചകളെക്കുറിച്ച് പ്രതികരിച്ചു. 'ഞങ്ങൾ ഇറാനെ തോൽപ്പിച്ചു. ഇപ്പോൾ ഇറാനുമായി വളരെ നല്ല രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഞങ്ങൾ അവരുമായി സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ആറോ ഏഴോ മാസമായി ഞങ്ങൾക്ക് ഒരു സൈനികനെപ്പോലും നഷ്ടപ്പെട്ടിട്ടില്ല,' ട്രംപ് പറഞ്ഞു. ഇറാൻ്റെ ആണവായുധ മോഹങ്ങൾക്ക് താൻ തടയിട്ടില്ലായിരുന്നുവെങ്കിൽ ഇസ്രയേലും മിഡിൽ ഈസ്റ്റ് മുഴുവനും ഇന്ന് നിലനിൽക്കില്ലായിരുന്നുവെന്ന പഴയ അവകാശവാദവും ട്രംപ് തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ ആവർത്തിച്ചു. 'ആരും അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ അതൊരു സത്യമാണെന്ന് എല്ലാവർക്കുമറിയാം' ട്രംപ് കുറിച്ചു.
Content Highlights: Israel’s Channel 12 has reported that Benjamin Netanyahu planned an attack on Iran on the eve of the Israeli election, but the US intervened to stop it. Netanyahu’s office has denied the report amid tensions over Iran policy and diplomatic negotiations