'ഷാകഹോളയിലെ ചെകുത്താൻ': പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ വിധിച്ച് കെനിയൻ കോടതി

'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന തന്റെ സഭയിലെ അംഗങ്ങളോടാണ് ലോകം അവസാനിക്കുന്നതിന് മുൻപ് യേശുവിനെ കാണാനും സ്വർഗ്ഗത്തിലെത്താനും പട്ടിണി കിടന്ന് മരിക്കാൻ ഇയാൾ ആവശ്യപ്പെട്ടത്

നൈറോബി: സ്വർഗത്തിൽ പോകാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കേസിൽ കെനിയൻ പാസ്റ്ററും സ്വയംപ്രഖ്യാപിത പ്രവാചകനുമായ പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ വിധിച്ച് കെനിയൻ കോടതി. 190 കുട്ടികളെയും ഒരു മുതിർന്ന വ്യക്തിയെയും കൊലപ്പെടുത്തിയ കേസിലാണ് കെനിയൻ കോടതിയുടെ സുപ്രധാന വിധി. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള നരഹത്യയ്ക്ക് 100 വർഷവുമാണ് വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ഡയാന കാവെഡ്‌സ ശിക്ഷ വിധിച്ചത്. എന്നാൽ താൻ ആരെയും പട്ടിണി കിടക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു മാക്കൻസി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം കോടതി പൂർണ്ണമായും തള്ളി. കഴിഞ്ഞ മാസം കേസിൽ മക്കെൻസിയും മറ്റു 28 കൂട്ടാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന തന്റെ സഭയിലെ അംഗങ്ങളോടാണ് ലോകം അവസാനിക്കുന്നതിന് മുൻപ് യേശുവിനെ കാണാനും സ്വർഗ്ഗത്തിലെത്താനും പട്ടിണി കിടന്ന് മരിക്കാൻ ഇയാൾ ആവശ്യപ്പെട്ടത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കുട്ടികളെ പോലും അനുവദിച്ചിരുന്നില്ല. വിശന്ന് വലഞ്ഞ കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചാൽ അവരെ കെട്ടിയിട്ട് മർദ്ദിക്കുകയും മരിക്കുന്നത് വരെ ഇരുട്ടുമുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി ദൃക്‌സാക്ഷികൾ കോടതിയിൽ മൊഴി നൽകി. ചില കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതായും കണ്ടെത്തിയിട്ടുണ്ട്. 200 ലധികം മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

കോടതിയിൽ വിധി പ്രസ്താവം നടക്കവേ, തനിക്ക് 200 വർഷം ശിക്ഷ ലഭിച്ചുവെന്ന് കേട്ടിട്ടും മാക്കൻസിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. ശിക്ഷാവിധി വേളയിൽ, 160 വർഷം തടവിന് ശിക്ഷിക്കപ്പെട്ട തന്റെ അസിസ്റ്റന്റ് പാസ്റ്ററായ സ്മാർട്ട് മ്വാകലാമയുമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അയാൾ. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ഓർത്ത് നിരവധി ബന്ധുക്കൾ കോടതി പരിസരത്ത് പൊട്ടിക്കരയുന്നുണ്ടായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 2023-ലാണ് മാക്കൻസി അറസ്റ്റിലാകുന്നത്. ഇതിന് ആഴ്ചകൾക്ക് ശേഷമാണ്, തെക്കുകിഴക്കൻ കെനിയയിലെ തീരദേശ നഗരമായ മാലിൻഡിക്ക് സമീപമുള്ള ഷാക്കഹോള വനത്തിൽ നിന്ന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ 429-ലധികം മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു. ഇതിൽ ഭൂരിഭാഗവും കുട്ടികളുടേതായിരുന്നു. ഇത്രയും വലിയൊരു ദുരന്തം മുൻകൂട്ടി കാണാനോ തടയാനോ കഴിയാതിരുന്നത് ഭരണകൂടത്തിന്റെയും അന്വേഷണ ഏജൻസികളുടെയും വൻ വീഴ്ചയാണെന്ന് കോടതിയും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാക്കൻസിയുടെ ക്രൂരത കണക്കിലെടുത്ത് ഇയാൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ഈ ആഴ്ച പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറുടെ ഓഫീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കെനിയൻ നിയമം വധശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, 1987-ന് ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് തടവുശിക്ഷ വിധിച്ചത്. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

2019-ൽ അധികാരികൾ മാക്കൻസിയുടെ പള്ളി അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ഇയാൾ അനുയായികൾക്കൊപ്പം ഷക്കഹോള വനത്തിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു. മുൻ ടാക്സി ഡ്രൈവറായിരുന്ന മാക്കൻസി, അനുയായികൾ കുട്ടികളെ സ്കൂളിൽ അയക്കുന്നതും അസുഖം വരുമ്പോൾ ആശുപത്രിയിൽ പോകുന്നതും കർശനമായി വിലക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങളെല്ലാം പൈശാചികമാണെന്നായിരുന്നു അയാളുടെ വാദം. ജറുസലേം, ജൂഡിയ തുടങ്ങിയ ബൈബിൾ പേരുകൾ നൽകി വിഭജിച്ച വനപ്രദേശങ്ങളിൽ പോളിത്തീൻ ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിച്ച താൽക്കാലിക വീടുകളിലായിരുന്നു അനുയായികൾ താമസിച്ചിരുന്നത്. ചില കേസുകളിൽ കുട്ടികളെ ഒറ്റപ്പെടുത്തുകയും മാതാപിതാക്കൾ നോക്കിനിൽക്കെ ഭക്ഷണം നിഷേധിക്കുകയും ചെയ്തതായി എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന വാദം കേൾക്കലിനിടെ ജസ്റ്റിസ് ഡയാന കാവെഡ്‌സ-മോച്ചാഷെ പറഞ്ഞു.

2023 മാർച്ചിൽ മാക്കൻസിയുടെ നിർദ്ദേശപ്രകാരം തന്റെ സഹോദരനും ഭാര്യയും തങ്ങളുടെ കുട്ടികളെ കാട്ടിൽ പട്ടിണിക്കിട്ട് കൊന്നുവെന്ന് ഒരാൾ പൊലീസിന് മൊഴി നൽകിയതോടെയാണ് ഈ ദുരന്തം പുറംലോകമറിയാൻ തുടങ്ങിയത്. അന്ന് പൊലീസ് മാക്കൻസിയെ അറസ്റ്റ് ചെയ്‌തെങ്കിലും അയാൾക്ക് ജാമ്യം ലഭിച്ചു. പിന്നീട് മറ്റൊരു പരാതിയെ തുടർന്ന് പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയും, വനത്തിൽ കൂടുതൽ ആസൂത്രിതമായി നടത്തിയ പരിശോധനയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുകയുമായിരുന്നു.

Content Highlight

To advertise here,contact us