പലസ്തീനികൾക്കെതിരായ ആക്രമണങ്ങളും അറബ് രാജ്യങ്ങളുടെ പരമാധികാര ലംഘനവും ഇസ്രയേൽ അവസാനിപ്പിക്കണം: ജോർദാന്‍ രാജാവ്

പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഒരേയൊരു മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരം മാത്രമാണെന്ന് ജോര്‍ദാനും ഖസാക്കിസ്ഥാനും ഒരുപോലെ സമ്മതിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

അസ്താന: ജെറുസലേം, ഗാസ സ്ട്രിപ്പ്, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ തുടരാനോ അറബ് രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കാനോ ഇസ്രയേലിനെ അനുവദിക്കരുതെന്ന് ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ്. കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവുമായി (Kassym-Jomart Tokayev) നടത്തിയ ഔദ്യോഗിക ചര്‍ച്ചയിലാണ് ജോര്‍ദാന്‍ രാജാവ് നിലപാട് വ്യക്തമാക്കിയത്. ജോര്‍ദാനിയന്‍ റോയല്‍ കോര്‍ട്ട് ഇത് സംബന്ധിച്ച് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഒരേയൊരു മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരം മാത്രമാണെന്ന് ജോര്‍ദാനും ഖസാക്കിസ്ഥാനും ഒരുപോലെ സമ്മതിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ജെറുസലേം, ഗസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളും അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു.

മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്കും ആക്രമണങ്ങള്‍ക്കും അന്ത്യം കുറിക്കാന്‍ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഖസാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് ജോര്‍ദാന്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്ന് അബ്ദുള്ള രാജാവ് ഊന്നിപ്പറഞ്ഞു.

2023 ഒക്ടോബറില്‍ ഇസ്രയേല്‍ ആരംഭിച്ച സൈനിക നടപടികള്‍ വലിയ തോതില്‍ ഗാസയെ പിടിച്ചുകുലുക്കിയിരുന്നു. വ്യോമാക്രമണങ്ങള്‍ക്കും കരയുദ്ധത്തിനും ഉപരോധത്തിനും പിന്നാലെ ഗസയിലെ ജനവാസ മേഖലകളും ആശുപത്രികളും സ്‌കൂളുകളും അഭയാര്‍ഥി ക്യാമ്പുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. പതിനായിരക്കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. ഭക്ഷണം, കുടിവെള്ളം, മരുന്ന്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും തടസപ്പെട്ടു. മാനുഷിക പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധവും വെടിനിര്‍ത്തലിനായുള്ള ആവശ്യവും ഉയര്‍ന്നു.

2025 ഒക്ടോബര്‍ 10-ന് അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രയേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കുകയും ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കുകയും സൈനിക പിന്‍മാറ്റം നടപ്പാക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷവും ഇസ്രയേല്‍ സൈനിക നടപടികള്‍ തുടര്‍ന്നതായി പലസ്തീന്‍ അധികൃതരും ഐക്യരാഷ്ട്രസഭയും ചൂണ്ടിക്കാട്ടുന്നു.

2026 നവംബര്‍ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 1,500ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗസയിലെ ആരോഗ്യ അധികൃതര്‍ പറയുന്നത്. അതേസമയം, ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും സംഘടന വീണ്ടും ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നുമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ഇസ്രയേലാണ് കരാര്‍ അട്ടിമറിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്യുന്നു.

കിഴക്കന്‍ ജെറുസലേം അടക്കമുള്ള അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളും, കൊലപാതകങ്ങളും, അറസ്റ്റുകളും, വീടുകള്‍ തകര്‍ക്കലും, അനധികൃത കുടിയേറ്റങ്ങളും തുടരുകയാണ്. 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയെങ്കിലും ലെബനനുനേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുണ്ട്. കൂടാതെ സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് വ്യോമാക്രമണങ്ങളും കടന്നുകയറ്റങ്ങളും ഇസ്രയേല്‍ നടത്തുന്നുണ്ട്.

Content Highlight: Jordan's King Abdullah II has called for an end to Israeli attacks in Jerusalem, the Gaza Strip and the occupied West Bank, stressing that Israel must not be allowed to violate the sovereignty of Arab countries. He made the remarks during official talks with Kazakhstan President Kassym-Jomart Tokayev in Astana, the Kazakh capital. The Jordanian Royal Court also issued an official statement on the discussions.

To advertise here,contact us