ന്യൂയോര്‍ക്: ഇസ്രയേലിന്റെയും അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (ഐപാക്)യുടെയും നടപടികള്‍ യുഎസില്‍ ജൂതവിരുദ്ധത വര്‍ധിപ്പിക്കുകയാണെന്ന് ഭൂരിപക്ഷം അമേരിക്കന്‍ ജൂതരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ അനുകൂല തിങ്ക് ടാങ്കായ ജെ സ്ട്രീറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഐപാക് പോലുള്ള സംഘടനകളെയും വെസ്റ്റ് ബാങ്കിലെയും ഗസ മുനമ്പിലെയും ഇസ്രയേലിന്റെ അധിനിവേശത്തെയും സംബന്ധിച്ച് അമേരിക്കയിലെ ജൂത വോട്ടര്‍മാര്‍ക്കുള്ള കാഴ്ചപ്പാടുകളും ഇസ്രയേല്‍ ഭരണകൂടവും അമേരിക്കയിലെ സഖ്യകക്ഷികളും ജൂതവിരുദ്ധതയെ ചിത്രീകരിക്കുന്ന രീതിയും തമ്മിലുള്ള വലിയ അന്തരമാണ് സര്‍വേയിലൂടെ വ്യക്തമാകുന്നത്.
ഇസ്രയേലിനെ വിമര്‍ശിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ഐപാക് നടത്തുന്ന പ്രചാരണങ്ങള്‍ രാജ്യത്ത് ജൂതവിരുദ്ധത വര്‍ധിപ്പിക്കുകയാണെന്ന് 66 ശതമാനം ജൂത വോട്ടര്‍മാരും വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു.
ഇസ്രയേലിനെതിരായ കടുത്ത വിമര്‍ശനങ്ങളെ ജൂതവിരുദ്ധതയായി ചിത്രീകരിക്കുന്ന ജൂത സംഘടനകള്‍, ജനപിന്തുണയില്ലാത്ത ഇസ്രയേല്‍ സര്‍ക്കാര്‍ നയങ്ങളെ ന്യായീകരിക്കാന്‍ ജൂതവിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂഷണം ചെയ്യുകയാണെന്ന് 60 ശതമാനം പേരും വിശ്വസിക്കുന്നു. പ്രധാനമായും, അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസയിലും ഇസ്രയേല്‍ നടത്തുന്ന നടപടികള്‍ യുഎസില്‍ ജൂതവിരുദ്ധത വര്‍ധിപ്പിക്കുകയാണെന്ന് 80 ശതമാനം ജൂത വോട്ടര്‍മാരും അഭിപ്രായപ്പെടുന്നു.
'അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജൂതര്‍ ഈ വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ പലപ്പോഴും തെറ്റിപ്പോകുന്നു. ജൂതവിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകളും ഇസ്രയേലിനെ പിന്തുണയ്ക്കുക എന്നതിന്റെ അര്‍ഥവും സംബന്ധിച്ച പൊതുധാരണകള്‍ യഥാര്‍ഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ല,' സര്‍വേ നടത്തിയ ജിബിഎഒ സ്ട്രാറ്റജീസിന്റെ സ്ഥാപക പങ്കാളിയായ ജിം ഗെര്സ്റ്റീന് പറഞ്ഞു.
'ഈ വിഷയങ്ങളില്‍ ജൂതര്‍ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ ഏറെ സങ്കീര്‍ണവും സൂക്ഷ്മവുമാണ്. എന്നാല്‍ ജൂത സമൂഹത്തെക്കുറിച്ചുള്ള വിപുലമായ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പലപ്പോഴും ഇടംപിടിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ഗെര്സ്റ്റീന്റെ പ്രതികരണം.
അതിനിടെ, യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇറാനെതിരായ യുഎസ് യുദ്ധവും ഇസ്രയേലിനുള്ള അമേരിക്കയുടെ പിന്തുണയും മിഷിഗണ്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നിരുന്നു. മിഷിഗണില്‍ ഐപാക് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സെനറ്റര്‍ സ്ഥാനാര്‍ഥി അബ്ദുല്‍ എല്‍ സെയ്ദ് വിജയിച്ചിരുന്നു. യുഎസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായാണ് എല്‍ സെയ്ദ് മിഷിഗണില്‍ വിജയം നേടിയത്. ഇസ്രയേലിനുള്ള യുഎസ് സഹായം വെട്ടിക്കുറയ്ക്കണമെന്ന നിലപാടിനൊപ്പം മധ്യപൂര്‍വേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്കുള്ള സഹായവും കുറയ്ക്കണമെന്ന് പ്രചാരണം നടത്തിയ എല്‍ സെയ്ദ്, ഗസയിലെ ഇസ്രയേലിന്റെ വംശഹത്യയെ അപലപിച്ചിരുന്നു. മെര്‍ക്കുറി പബ്ലിക് അഫയേഴ്സ് നടത്തിയ സര്‍വേ പ്രകാരം ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ജൂത വോട്ടര്‍മാരില്‍ 60 ശതമാനവും എല്‍ സെയ്ദിനെ പിന്തുണച്ചു.
ജൂതവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനിക്ക് ജൂത അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേക്കാള്‍ ഉയര്‍ന്ന ജനപ്രീതിയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. മംദാനിക്ക് 49 ശതമാനം അനുകൂല റേറ്റിങ് ലഭിച്ചപ്പോള്‍ സ്ഥാനമൊഴിയുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് ലഭിച്ചത് 20 ശതമാനം മാത്രമാണ്.
ജിബിഎഒ സ്ട്രാറ്റജീസ് നടത്തിയ സര്‍വേയില്‍ ജൂത വോട്ടര്‍മാരില്‍ 72 ശതമാനം പേരും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ പിന്തുണച്ചതായും 76 ശതമാനം പേര് 'വെസ്റ്റ് ബാങ്കിലെ അക്രമാസക്തരായ കുടിയേറ്റക്കാര്‍'ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ചതായും കണ്ടെത്തി.
Content Highlight: A majority of Jewish Americans believe that the actions of Israel and the American Israel Public Affairs Committee (AIPAC) are increasing antisemitism in the US, according to a new survey. The findings come from a poll commissioned by J Street, a US-based pro-Israel think tank.