തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ എണ്ണക്കപ്പലിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. രണ്ട് എണ്ണക്കപ്പലുകൾ കടലിടുക്കിലെ മൈനുകളിൽ തട്ടി തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേരത്തെ അറിയിച്ചിരുന്നു. ഖ്വേഷം ദ്വീപിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോണും വെടിവച്ചിട്ടതായി ഐആർജിസി അവകാശപ്പെട്ടു. അമേരിക്ക വിക്ഷേപിച്ച എംക്യു-1 (MQ-1) ഡ്രോൺ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് ഐആർജിസിയുടെ അവകാശവാദം. ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനെ ആക്രമിക്കുകയാണെങ്കിൽ ഭൂമിശാസ്ത്രപരമായ അതിരുകളൊന്നും പരിഗണിക്കാതെ അമേരിക്കയുടെ എല്ലാ സൈനിക ആസ്തികളെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ സംഘർഷങ്ങൾക്കിടെ അമേരിക്കൻ നാവികസേന ഇറാനിൽനിന്ന് 1,000 കിലോമീറ്റർ അകലേയ്ക്ക് പിൻവാങ്ങിയെന്ന് ഐആർജിസി ഉപദേഷ്ടാവ് അവകാശപ്പെട്ടു. അമേരിക്കൻ നാവികസേന തങ്ങളുടെ കപ്പലുകളും സൈനിക ഉപകരണങ്ങളും ഇറാനിൽനിന്ന് 1,000 കിലോമീറ്ററിലധികം (621 മൈൽ) അകലേക്ക് മാറ്റിയിരുന്നുവെന്നാണ് ഐആർജിസി കമാൻഡറുടെ ഉപദേശക സമിതി തലവൻ അലി ഫദാവിയുടെ അവകാശവാദം. അമേരിക്കൻ നാവികസേന ഇറാൻ്റെ സമീപത്തേയ്ക്ക് വരാൻ ശ്രമിച്ചപ്പോഴെല്ലാം ഇറാൻ അതിവേഗം തിരിച്ചടിച്ചതായും ഇതുവഴി അമേരിക്കൻ സേനയെ അകലെ നിർത്താൻ സാധിച്ചെന്നും ഫദാവി പറഞ്ഞു. കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി ഇറാനുമേൽ സമ്മർദം ചെലുത്തിയിട്ടും ഇറാനിയൻ ജനതയെ അവരുടെ ലക്ഷ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനോ സമ്മർദങ്ങൾക്ക് വഴങ്ങാൻ നിർബന്ധിക്കാനോ വാഷിങ്ടണിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാൻ തുടർച്ചയായ ചർച്ചകളും നയതന്ത്രപരമായ പരിഹാരങ്ങളും ആവശ്യമാണെന്ന് ഷെയ്ഖ് തമീം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഇതിനിടെ സംഘർഷം രൂക്ഷമായ തായിസ് നഗരത്തിന് സമീപമുള്ള ചില സൈനിക കേന്ദ്രങ്ങൾ തിരിച്ചുപിടിച്ചതായി അറിയിച്ചു യെമനീസ് സൈന്യം അറിയിച്ചു. അതേസമയം, തായിസ്, ലഹിജ്, സഅദ, അൽ-ജൗഫ്, മാരിബ് എന്നീ ഗവർണറേറ്റുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുകയാണെന്ന് ഹൂതി വക്താവ് അവകാശപ്പെട്ടു.
Content Highlights: Iran claims it shot down a US drone over Qeshm Island as an explosion was reported aboard an oil tanker in the Strait of Hormuz, raising tensions in the region