വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിനും പാര്‍ട്ടിക്കും നേരിട്ട വമ്പന്‍ പരാജയത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍ അനുകൂല പോസ്റ്റുകള്‍ പിന്‍വലിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. തെരഞ്ഞെടുപ്പിനായി പണം വാരിയെറിഞ്ഞിട്ടും പിന്തുണച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിക്കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് മസ്ക് പോസ്റ്റുകള്‍ മുക്കിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 29ന് പങ്കുവെച്ച 'വോട്ട് റെഡ് ടുഡേ' (Vote Red Today) എന്ന പോസ്റ്റുകളടക്കം അദ്ദേഹം ഡിലീറ്റ് ചെയ്തു. ടെക്സസ് സെനറ്ററായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജെയിംസ് തലാരികോ വിജയിച്ചതിന് പിന്നാലെയാണ് മസ്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തുതുടങ്ങിയതെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുകയാണോ എന്ന് ഒരു എക്സ് യൂസര്‍ ചോദിച്ചതിന് പിന്നാലെ മസ്കിന്റെ ചാറ്റ്ബോട്ടായ ഗ്രോക്കും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ഈ ചോദ്യത്തിന് അതെ എന്നായിരുന്നു ഗ്രോക്കിന്റെ മറുപടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ മസ്ക് 'വോട്ട് റെഡ് ടുഡേ!' എന്ന പിന് ചെയ്ത മെസേജും നീക്കം ചെയ്തായും ഗ്രോക്ക് വ്യക്തമാക്കി.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ സ്വയം പരിഹസിച്ചുകൊണ്ടുള്ള സര്‍ക്കാസ്റ്റിക് പോസ്റ്റുകളും മസ്ക് പങ്കുവെച്ചിരുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക പിന്തുണ നല്കിയവരില് ഒരാളായിരുന്നു ഇലോണ്‍ മസ്ക്. റിപ്പബ്ലിക്കന്‍ അനുകൂല രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി കുറഞ്ഞത് 458 മില്യണ്‍ ഡോളറാണ് (ഏകദേശം 4311 കോടി രൂപ) മസ്ക് ചെലവഴിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് കാലയളവില്‍ ആധുനിക അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവന നല്കിയ വ്യക്തിയായി അദ്ദേഹം മാറി.
ഇതില്‍ ഗണ്യമായൊരു തുക (ഏകദേശം 216 മില്യണ്‍ ഡോളര്‍) മസ്കിന്റെ സൂപ്പര്‍ പിഎസി ആയ അമേരിക്ക പിഎസിക്കാണ് ലഭിച്ചതെന്നാണ് ഫെഡറല്‍ ഇലക്ഷന് കമ്മീഷന് രേഖകളും മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, താഴെത്തട്ടിലുള്ള പ്രചാരണം, ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവയ്ക്കാണ് ഈ സംഘടന പണം ചെലവഴിച്ചത്. കോണ്‍ഗ്രസിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം പകുതിയില്‍ മസ്ക് ചെലവ് വര്‍ധിപ്പിച്ചു.
ടെക്സസിലെ സെനറ്റ് തെരഞ്ഞെടുപ്പ്, സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, അയോവ എന്നിവിടങ്ങളിലെ നിര്‍ണായക മത്സരങ്ങള്‍ക്കാണ് എന്നിവയ്ക്കാണ് മസ്കിന്റെ സംഭാവനകളില്‍ വലിയൊരു പങ്കും ലഭിച്ചത്. ഫെഡറല്‍ ഇലക്ഷന് കമ്മീഷന് കണക്കുകള്‍ പ്രകാരം സൂപ്പര്‍ പിഎസികള്‍ വഴിയും വ്യക്തിഗത സംഭാവനകളായും മസ്ക് ചെലവഴിച്ചത് ഏകദേശം 474 മില്യണ്‍ ഡോളറാണ്. ടെക്സസില്‍ മാത്രം ഏകദേശം 224 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണക്ക്. എന്നാല്‍ മസ്ക് പിന്തുണച്ച 37 ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ് സ്ഥാനാര്‍ഥികളില്‍ വെറും മൂന്ന് പേര് ആണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സെനറ്റിലേക്ക് മസ്ക് പിന്തുണച്ച 7 പേരില്‍ ആറ് സ്ഥാനാര്‍ഥികളും തോറ്റിരുന്നു.
Content Highlight: Elon Musk deletes pro-Republican posts after spending $458 million on the US election, with only three of his backed candidates winning.