ഡിട്രോയ്റ്റ്: ഇസ്രയേലിനുള്ള ധനസഹായം അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇടക്കാല തെരഞ്ഞെടുപ്പില്‍ മിഷിഗണിന്റെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ എല്‍ സെയ്ദ്. ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേലിനുള്ള നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ തീരുമാനത്തെയാണ് യുഎസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററും ഡെമോക്രാറ്റ് നേതാവുമായ എല്‍ സെയ്ദ് സ്വാഗതം ചെയ്തത്.
അമേരിക്കന്‍ ആയുധങ്ങളുപയോഗിച്ച് അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈന്യത്തിന് വാഷിങ്ടണ്‍ ഫണ്ട് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ സമീപനത്തോട് താന്‍ യോജിക്കുന്നുവെന്നും ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ സെയ്ദ് കൂട്ടിച്ചേര്‍ത്തു. എല്‍ സെയ്ദിന്റെ വാക്കുകളെ ഉദ്ധരിച്ച് തുര്‍ക്കിഷ് മാധ്യമമായ അനഡോലുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
'അദ്ദേഹത്തിന്റെ ആ നിലപാടിനോട് ഞാന്‍ യോജിക്കുന്നു. നമ്മുടെ പണമുപയോഗിച്ച് അതിക്രമങ്ങള്‍ നടത്തിയ ഒരു വിദേശ രാജ്യത്തിന് നമ്മള് ഇനിയും ധനസഹായം നല്‍കേണ്ടതില്ല. അദ്ദേഹത്തിന്റെ ഈ നിലപാട് എനിക്ക് സ്വീകാര്യമാണ്. ഇസ്രയേലിന് ധനസഹായം അവസാനിപ്പിക്കുന്നതിനായി അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,' അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിന്റെ ചെയ്തികളില്‍ നിന്നും ജൂതമതത്തെയും ജൂതവിഭാഗത്തെയും വേര്‍തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രയേലിനെതിരായ വിമര്‍ശനങ്ങള്‍ ജൂതന്മാരോടുള്ള വെറുപ്പായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. അമേരിക്കയിലെ ജൂത വിഭാഗത്തിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അല്‍ സെയ്ദ് കൂട്ടിച്ചേര്‍ത്തു. സ്വന്തം കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു മുസ്ലിം രക്ഷിതാവെന്ന നിലയിലുള്ള അനുഭവങ്ങളില്‍ നിന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ തന്നെയാണെന്നായിരുന്നു എല്‍ സെയ്ദിന്റെ നിലപാട്. അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ ശക്തമായി വിമര്‍ശിച്ച അദ്ദേഹം, ഇസ്രയേലിന് നല്കുന്ന അമേരിക്കന്‍ സൈനിക സഹായം അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള ധനസഹായം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നെതന്യാഹുവുമായി ധാരണയിലെത്തിയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
'ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേലിന് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നത് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രയേലിന് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കാനും തയ്യാറാണ്,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. സഹായം നല്‍കുന്നത് അവസാനിപ്പിക്കാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ഇസ്രയേലിന് നിലവില്‍ അതിന്റെ ആവശ്യമില്ലെന്നാണ് യുഎസ് പ്രസിഡന്റ് മറുപടി നല്‍കിയത്.
ഡോണള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുന്നതുവരെ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇസ്രയേല്‍ ധനകാര്യ മന്ത്രാലയം അറിഞ്ഞിരുന്നില്ല എന്നാണ് പ്രൈവറ്റ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027ലും 2028ലും ഇസ്രയേലിന്റെ പ്രതിരോധ ബജറ്റുകള്‍ക്ക് ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി ഈ സഹായം പ്രതീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2016ല്‍ ഒപ്പുവച്ച ഒരു ധാരണാപത്രം അനുസരിച്ച്, 2028 വരെ ഇസ്രയേലിന് 38 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്കാന് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.
ധനസഹായം നിര്ത്തലാക്കാനൊരുങ്ങുകയാണെന്ന അമേരിക്കന്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഈ സഹായം അവസാനിക്കാന്‍ കാരണം നെതന്യാഹുവാണെന്നായിരുന്നു ഇസ്രയേലിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് യയര്‍ ഗോലാന്‍ കുറ്റപ്പെടുത്തിയത്.
ധനസഹായം നിര്‍ത്തലാക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇത് ഇസ്രയേലിന്റെ സുരക്ഷയെയും ജീവിത നിലവാരത്തെയും ഗുരുതരമായി ബാധിക്കുമെന്നും, സൈനികാവശ്യങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ അധിക ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമെന്നും ഗോലാന്‍ വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു നെതന്യാഹുവെങ്കില് യുഎസ് ധനസഹായം വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്നും, ഇത് സുരക്ഷാ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുമെന്നും ഗോലാന്‍ പറഞ്ഞു.
Content Highlight: Abdul El-Sayed, who was elected as Michigan's senator in the recent midterm elections, has backed U.S. President Donald Trump's statement on ending financial aid to Israel. El-Sayed, the first Muslim senator in U.S. history and a Democratic leader, welcomed Trump's decision to end the $4 billion in aid to Israel by the end of this year.