ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണം; ഗാഡി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് ജോയിന്റ് ലിസ്റ്റ്

ജോയിന്റ് ലിസ്റ്റിന്റെ 11 എംപിമാർ ഔദ്യോഗികമായി ഐസൻകോട്ടിന് പിന്തുണ അറിയിക്കുന്നതോടെ 67 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ

ടെൽഅവീവ്: കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ഗാഡി ഐസൻകോട്ടിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം പ്രസിഡന്റ് ഐസക് ഹെർസോഗിനെ ഔദ്യോഗികമായി അറിയിക്കുമെന്ന് ജോയിന്റ് ലിസ്റ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇസ്രയേലിലെ 120 അംഗ പാർലമെന്റായ നെസറ്റിൽ അറബ് പാർട്ടികൾക്ക് റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകൾ ലഭിച്ചിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ ഈ നേട്ടം അറബ് പാർട്ടികൾക്ക് അവസരമൊരുക്കും. ജോയിന്റ് ലിസ്റ്റിന്റെ 11 എംപിമാർ ഔദ്യോഗികമായി ഐസൻകോട്ടിന് പിന്തുണ അറിയിക്കുന്നതോടെ 67 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 അംഗങ്ങളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണിത്. എട്ട് സീറ്റുകളുള്ള മറ്റൊരു അറബ് പാർട്ടിയായ റാഅമും ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകളാണുള്ളത്. എന്നാൽ, ഈ സഖ്യത്തിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ നെതന്യാഹുവിന് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് തോറാ ജൂഡായിസത്തിന്റെ ഏഴ് സീറ്റുകളിൽ നാലെണ്ണം കൈവശമുള്ള ഡെഗൽ ഹതോറ പാർട്ടി ഇരുനേതാക്കളെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സഖ്യസർക്കാർ ഹരേദി വിഭാഗത്തിലെ പുരുഷന്മാരെ നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം പാസാക്കാത്തതിനെ തുടർന്നാണ് നെതന്യാഹുവിനോടുള്ള പാർട്ടിയുടെ എതിർപ്പ്.

തിരഞ്ഞെടുപ്പിൽ വിദേശ പിന്തുണയോടെ അറബ് പാർട്ടികൾ ക്രമക്കേട് നടത്തിയെന്ന ആരോപണവും നെതന്യാഹു ആവർത്തിച്ചിരുന്നു. എന്നാൽ, ഇതിന് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല. അറബ് പാർട്ടികളുമായി ചേർന്ന് പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്നും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ആരോപിച്ചിരുന്നു. അറബ് സഖ്യവുമായി സഹകരിക്കുന്ന സയണിസ്റ്റ് പാർട്ടികൾ ഇസ്രയേലിന് അപകടകരമാണെന്നും ലിക്കുഡ് മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയ ഇസ്രയേൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച പ്രസിഡന്റ് ഐസക് ഹെർസോഗ് പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വോട്ടർമാരെ അപമാനിക്കുന്നതും വംശീയ അധിക്ഷേപങ്ങൾ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളം വരുന്ന പലസ്തീൻ വംശജരായ പൗരന്മാരോടുള്ള ബഹുമാനവും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു.

വിവിധ പാർട്ടികളുമായുള്ള കൂടിയാലോചനകൾ പൂർത്തിയായശേഷം സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ പ്രസിഡന്റ് തിരഞ്ഞെടുക്കും. നെതന്യാഹുവോ ഐസൻകോട്ടോ ആയിരിക്കും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. സർക്കാർ രൂപീകരിക്കാൻ നിയോഗിക്കപ്പെടുന്ന നേതാവിന് 28 ദിവസമാണ് അനുവദിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാം. ഇരുവർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അടുത്ത വർഷം ആദ്യം ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.

Content Highlights: Israel's Joint List has announced its support for Gadi Eisenkot amid efforts to form a new government, marking a significant development in the country's political landscape

To advertise here,contact us