ജെറുസലേം: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ട് അട്ടിമറി നടത്തിയെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തര്‍. ആരോപണങ്ങള്‍ അസംബന്ധവും അപകടകരവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. 'ഇസ്രായേല്‍ തെരഞ്ഞെടുപ്പുകളില്‍ ഖത്തര്‍ ഇടപെട്ടുവെന്നോ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കിയെന്നോ ഉള്ള ആരോപണങ്ങളെ തങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു എന്ന് മാജിദ് അല്‍-അന്‍സാരി എക്സില്‍ കുറിച്ചു. അതേസമയം ഇസ്രായോല്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇറാന് ശ്രമിച്ചുവെന്നും അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമെന്നും 'ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍, ഇസ്രായേലി ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള വഴികള്‍ തങ്ങള്‍ പരിശോധിച്ചുവരികയാണ്. അവരുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുന്നതിനായി ശക്തമായ സൈബര്‍ ഗ്രൂപ്പുകളെയും സജ്ജമാക്കിയിട്ടുണ്ട് എന്ന് ഒരു ഇറാന് ഉദ്യോഗസ്ഥന് പറഞ്ഞതായാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്. അതേസമയം, യുഎസുമായും ഇസ്രായേലുമായും ഇറാന് നടത്തിവരുന്ന യുദ്ധത്തിന്റെ തുടര്‍ച്ചയാണിതെന്ന് മറ്റൊരു ഉദ്യോഗസ്ഥന് വിശേഷിപ്പിച്ചു. അവരുടെ ഉപരോധത്തിന് കീഴിലായിരിക്കുമ്പോള്‍, യുദ്ധം എന്നാല്‍ മിസൈലുകളും തോക്കുകളും മാത്രമല്ല അര്‍ത്ഥമാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, മറ്റ് സാധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തടസ്സപ്പെടുത്താന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് ഇതിനര്‍ത്ഥം. തങ്ങള്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ അമേരിക്കയും ഇസ്രായേലും ഭിന്നിച്ചുനില്‍ക്കുന്നത് കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ഇറാന് വൃത്തങ്ങള്‍ വ്യകതമാക്കി എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 'യാഷാര്‍' പാര്‍ട്ടി ചെയര്മാന് ഗാദി ഐസന്‍കോട്ടിന് പുറത്തുനിന്ന് പിന്തുണ നല്കാന് 'യുണൈറ്റഡ് ടോറ ജൂഡായിസം' (UTJ) പാര്‍ട്ടി വൃത്തങ്ങള്‍ ആലോചിക്കുന്നതായി 'ചാനല്‍ 12' റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് നടപടി. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ ഏഴ് സീറ്റുകളാണ് യുടിജെക്കുള്ളത്. സൈനിക സേവനത്തില്‍ നിന്നുള്ള ഇളവുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ലഭിക്കുകയാണെങ്കില്‍, ഐസന്‍കോട്ട് നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍, നെസെറ്റിലെ (ഇസ്രായേല്‍ പാര്‍ലമെന്റ്) വോട്ടെടുപ്പുകളില്‍ യുടിജെ പങ്കെടുക്കില്ലെന്നും, എന്നാല്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നെതന്യാഹുവിന് ഒപ്പമുള്ള കക്ഷിയാണ് യുടിജെ.
Content Highlights: Qatar has rejected Benjamin Netanyahu’s allegations that it interfered in Israel’s elections, describing the claims as absurd and dangerous. Qatar Foreign Ministry spokesperson Majed Al Ansari said the country had neither interfered in Israeli elections nor funded activities intended to influence the results. Meanwhile, a report by The Telegraph alleged that Iran had attempted to interfere in Israel’s elections and could also seek to disrupt the upcoming US midterm elections.