ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്: നെതന്യാഹുവും പ്രതിപക്ഷവും പതറി; അറബ് പാർട്ടികളുടെ നിലപാട് നിർണായകം

90 ശതമാനം വോട്ടണ്ണൽ പൂർത്തിയാകുമ്പോൾ കേവല ഭൂരിക്ഷം നേടാനാകാതെ മുന്നണികൾ

ടെൽഅവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ 90.5 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴും കേവല ഭൂരിപക്ഷം ലഭിക്കാതെ മുന്നണികള്‍. നെതന്യാഹു നയിക്കുന്ന ഭരണപക്ഷ മുന്നണിക്കും ഗാഡി ഐസെന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബ്ലോക്കിനും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടാനായില്ല. നിലവിലെ കണക്കനുസരിച്ച് ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകളും ഗാഡി ഐസെന്‍കോട്ടിന് 48 സീറ്റുകളുമാണ് ലഭിച്ചത്. പക്ഷെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നേട്ടമുണ്ടാക്കിയത് അറബ് പാര്‍ട്ടിയാണ്. 19 സീറ്റാണ് റാമും ജോയിന്റ് ലിസ്റ്റും സംയുക്തമായി പിടിച്ചെടുത്തത്. ഇതാദ്യാമായാണ് അറബ് പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടുന്നത്.

നിലവിലെ സാഹചര്യമനുസരിച്ച് അറബ് പാര്‍ട്ടികളുടെ പിന്തുണയില്ലാത്തെ പ്രധാന മുന്നണികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ ഐസന്‍കോട്ട് അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്നതാണ് ചോദ്യം. സീറ്റുകളുടെ എണ്ണത്തില്‍ 61 എന്ന മാജിക് നമ്പറിലേക്കെത്താന്‍ ഇരുപക്ഷത്തിനും സാധിക്കാത്ത സാഹചര്യത്തില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ പ്രതിപക്ഷത്തിന് ഏറേ നിര്‍ണായകമാണ്. എന്നാല്‍ അറബ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇരുപക്ഷത്തിനും അറബ് കക്ഷികളുടെ പിന്തുണ സ്വീകരിക്കുക എളുപ്പമല്ല.

നിലവിലെ കണക്കനുസരിച്ച് 90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പാേൾ പ്രധാന രാഷ്ട്രീയ മുന്നണികളായ ലികുഡിന് 53 സീറ്റുകളും ഗാഡി ഐസെന്‍കോട്ടിന്റെ യാഷിറിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്.

ഓരോ പാർട്ടികൾക്കും ഇതുവരെ ലഭിച്ച സീറ്റുകൾ

  • ലികുഡ്-26
  • ഷാസ്- 7
  • ഒത്സമ യഹൂദിറ്റ്- 7
  • യുണിറ്റഡ് തോറ ജൂതായിസം- 7
  • റിലിജിയസ് സയണിസം-6
  • യാഷര്‍-21
  • ബി'യാച്ചാദ് -12
  • ഡെമോക്രാറ്റ്‌സ്- 8
  • യിസ്രയേല്‍ ബെയ്‌റ്റെനു- 7
  • ജോയിന്റ് ലിസ്റ്റ്- 12
  • റാം- 7

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 77.7 ശതമാനമായിരുന്നു പോളിങ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ പലസ്തീന്‍ വംശജരായ ഇസ്രയേല്‍ പൗരന്മാരുടെ വോട്ടുകള്‍ നിര്‍ണായകമായിട്ടുണ്ട്. 2022ലെ തെരഞ്ഞെടുപ്പില്‍ പലസ്തീന്‍ വംശജരായ ഇസ്രയേല്‍ പൗരന്മാരില്‍ 54 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇത്തവണ ഇവരുടെ പോളിങ് 68 ശതമാനത്തിന് മുകളിലായിരുന്നു.

നിലവില്‍ അഞ്ച് ദശലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയതായി ഇസ്രയേലി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞാല്‍, അടുത്ത ആഴ്ച പുതിയ ഭരണകൂടം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചന ആരംഭിക്കും.

Content Highlights: Arab parties have reportedly won 19 seats in Israel’s general election, while neither bloc secured a clear majority. Attention now turns to the prospects for forming a government.

To advertise here,contact us