ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ സ്ഥാപനങ്ങൾ.
'ട്രൂത്ത് എപിഐ' എന്ന സേവനത്തിലൂടെയാണ് ഈ കമ്പനികൾക്ക് മുൻഗണന ലഭിക്കുന്നത്. ഇതുവഴി സാധാരണക്കാർ ട്രൂത്ത് സോഷ്യൽ ആപ്പിൽ പരിശോധിക്കുന്നതിനേക്കാൾ 50 മില്ലിസെക്കൻഡ് മുൻപേ പണം കൊടുത്ത കമ്പനികളുടെ കമ്പ്യൂട്ടറുകൾ പ്രസിഡൻ്റിൻ്റെ പോസ്റ്റ് ആദ്യം കാണാൻ കഴിയും. അതിൻ്റെ അടിസ്ഥാനത്തിൽ ഈ ഓട്ടോമേറ്റഡ് കമ്പ്യൂട്ടറുകൾ സ്റ്റോക്സ് വാങ്ങുകയോ വിൽക്കുകയോ ചെയ്യും. ബാക്കിയുള്ളവർ വാർത്ത അറിയുമ്പോഴേക്കും സ്റ്റോക്കിൻ്റെ വില മാറിയിരിക്കും. ഓഹരി വിപണിയിൽ ഒരു സെക്കൻഡിൻ്റെ ആയിരത്തിലൊരംശം സമയം കൊണ്ടുപോലും വ്യാപാരം നടത്തുന്ന സോഫ്റ്റ്വെയറുകളാണ് വാൾസ്ട്രീറ്റ് ട്രേഡിങ് കമ്പനികൾ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ, വിപണിയെ സ്വാധീനിക്കാൻ ശേഷിയുള്ള ട്രംപിന്റെ പോസ്റ്റുകൾ ആദ്യം ലഭിക്കുന്നത് സാധാരണ നിക്ഷേപകരേക്കാൾ വലിയ സാമ്പത്തിക മുൻതൂക്കം ഈ കമ്പനികൾക്ക് നൽകും.
കഴിഞ്ഞ ഏപ്രിലിൽ ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പോസ്റ്റിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം വിവരം ലഭിക്കുന്നത് കമ്പനികൾക്ക് വൻ നേട്ടമുണ്ടാക്കും.ജൂലൈയിലാണ് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് തങ്ങളുടെ ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡൻ്റിൻ്റെ പ്രസ്താവനകൾ പണം നൽകി ആദ്യം ലഭ്യമാക്കുന്ന രീതി ചരിത്രത്തിലാദ്യമായാണ്. ഇത് ധാർമ്മികമായി തെറ്റാണെന്ന് കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.
ഈ സേവനത്തിനെതിരെ ഇന്റർസെപ്റ്റ് മീഡിയയും ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷനും ഓഗസ്റ്റിൽ കോടതിയെ സമീപിച്ചിരുന്നു. ഔദ്യോഗിക സർക്കാർ വിവരങ്ങൾ പണം നൽകുന്നവർക്ക് മാത്രം ആദ്യം ലഭ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് വാൾസ്ട്രീറ്റിലെ പണക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന അഴിമതിയാണെന്നുമാണ് ഇവരുടെ ആരോപണം. ഇത് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെയും അഞ്ചാം ഭേദഗതിയുടെയും ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഡെമോക്രാറ്റിക് സെനറ്റർമാരായ എലിസബത്ത് വാറൻ, ആദം ഷിഫ് എന്നിവർ ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂലൈയിൽ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനെ സമീപിച്ചിരുന്നു. പ്രസിഡന്റ് പദവിയുടെ 'ഞെട്ടിക്കുന്ന ദുരുപയോഗം' എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ എസ്ഇസി ഇതിനോട് പ്രതികരിച്ചിട്ടില്ല.
എപിഐ സേവനത്തിന് വ്യവസായ മേഖലയിൽ വലിയ ആവശ്യക്കാരുണ്ടെന്നാണ് ട്രംപ് മീഡിയയുടെ വിശദീകരണം. ഉപഭോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും, കമ്പനിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് വാർത്തകൾക്ക് പിന്നിലെന്നും ട്രംപ് മീഡിയ പ്രതികരിച്ചു. അതേസമയം പണം നൽകാൻ തയ്യാറായ ബ്ലൂംബെർഗ്, ജംപ് ട്രേഡിങ്, സുസ്ക്വെഹന്ന എന്നിവർ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Content Highlights: Bloomberg and two Wall Street trading firms have reportedly signed up for Truth Social’s paid service offering faster access to Donald Trump’s posts.