ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാടുവിടുന്ന വീഡിയോ ചിത്രീകരിച്ച് പങ്കുവെച്ചെന്ന ആരോപണം നേരിട്ട ബംഗ്ലാദേശ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ളൈറ്റ് ലെഫ്റ്റനന്റായിരുന്ന 28കാരന് കെ എം താഹ്സിഫ് സൗരിയാണ് മരിച്ചത്. ചൊവ്വാഴ്ചയോടെ കാണാതായ സൗരിയുടെ മൃതദേഹം ബുധനാഴ്ചയോടെ തുരാഗ് നദിയില്‍ നിന്നാണ് കണ്ടെത്തിയത്. 2024 ഓഗസ്റ്റില്‍ സൈനിക ഹെലിക്കോപ്റ്ററില്‍ കയറി രക്ഷപ്പെടുന്ന ഹസീനയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ സൗരിയാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതേസമയം ദുരൂഹ സാഹചര്യത്തിലാണ് സൗരി മരിച്ചതെന്നും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
സൗരിയുടെ മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശ് റിവര്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍, ഹസീനയുടെ വീഡിയോയുടെ പേരില്‍ സൗരിക്ക് പല പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അതേമാസം തന്നെ സൗരിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതേസമയം ഇതുവരെയും ഈ വീഡിയോ ചിത്രീകരിച്ചത് സൗരിയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലും ഈ വീഡിയോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ എന്നും വ്യക്തമല്ല. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് ഹസീന, സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേയാണ് സൗരിയുടെ മരണം.
2024 ഓഗസ്റ്റ് 5ന് ധാക്കയില്‍ നിന്ന് സൈനിക ഹെലിക്കോപ്റ്ററില്‍ ഇന്ത്യയിലെ ഗാസിയാബാദിലുള്ള ഹിന്‍ഡന്‍ വ്യോമത്താവളത്തിലാണ് ഹസീന പറന്നിറങ്ങിയത്. രാജ്യംവിട്ട് ഇന്ത്യയിലെത്തിയ ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സ്വീകരിച്ചത്.
Content Highlights: A former air force officer who faced allegations of filming a video of Sheikh Hasina fleeing Bangladesh has been found deceased