ജെറുസലേം: ഫ്ലൈദുബായി സംഭവത്തില്‍ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ പേര് പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഹമാം അല്‍ ഹമാമി എന്നാണ് അക്രമിയുടെ പേര് എന്നണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഔദ്യോഗിക വിമാന സര്‍വീസായ ഒമാന്‍ എയറില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം. എന്നാല്‍ മതമൗലിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പിന്നാലെ ഇയാള്‍ 2024ല്‍ ജോലി രാജി വെച്ചു. പിന്നീടാണ് ഹമാമിയെ ഫ്ലൈദുബായി ജോലിക്കെടുക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് വിമാനം പറത്താന്‍ വിലക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ആക്രമണത്തിന് പിന്നാലെ ഹമാമിന്റേതെന്ന് സംശയിക്കുന്ന ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകളില്‍ അല്‍ഖയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയുടെയും ഖലീല്‍ ബലാവിയുടെയും ഫോട്ടോകളാണ് ഉള്ളത്. ആവശ്യമായ പരിശോധനകള്‍ നടത്താതെയാണ് ഫ്ലൈദുബായി ഇയാളെ ജോലിക്കെടുത്തത് എന്നാണ് സംശയം. ഇസ്രയേലി വിമാനങ്ങളുടെ ഫോട്ടോയ്ക്കൊപ്പമാണ് 2022ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ഖയ്ദ നേതാവ് അയ്മാന്‍ അല്‍ സവഹിരിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഒമാന്‍ പൗരനാണെങ്കിലും ഒമാനിലല്ല ഇയാള്‍ ജനിച്ചത്. ഒമാന്‍ പുറത്താണ് കൂടുതല്‍ കാലവും ജീവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹമാമിയുടെ അമ്മ സിറിയനും അച്ഛന് ഒമാനിയുമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ക്ക് ഇരട്ട പൗരത്വമുണ്ടോ എന്ന അന്വേഷണവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനം, കോക്ക്പിറ്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കോക്ക്പിറ്റിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് തന്റെ ഒമാനി സഹപൈലറ്റില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം പ്രതിരോധ ശ്രമം തുടര്‍ന്നിരുന്നു. പരിക്കുകള്‍ക്കിടയിലും കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ മച്ചാറിന് സാധിച്ചു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടപെടാന്‍ അവസരമൊരുക്കി. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയും സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ക്യാപ്റ്റനെ ഉടന്‍ തന്നെ തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൈലറ്റുമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും അതിലൊരാള്‍ ക്രാഷ് ആക്സ് കൈവശം വെച്ചിരുന്നെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥന് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു. ക്യാബിന് ക്രൂ അംഗങ്ങള്‍ കോക്ക്പിറ്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിയതായാണ് കരുതപ്പെടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ട സമയം റാഞ്ചല്‍ സാധ്യത തള്ളിക്കളയാനാകാത്ത വിധത്തില്‍ സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചിരുന്നതായാണ് വിവരം. പിന്നാലെ വിമാനം റാഞ്ചിയിട്ടില്ലെന്നും പൈലറ്റുമാര്‍ തമ്മിലുള്ള സംഘര്‍ത്തെ തുടര്‍ന്നാണ് വിമാനം തഴ്ന്നുപറന്നതെന്നുമാണ് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Content Highlights: International media reports have identified the Flydubai co-pilot involved in the incident as Hamam Al Hamami. He had previously worked with Oman Air and was reportedly moved to office duties after his visits to certain websites came under scrutiny. He reportedly left Oman Air in 2024 before joining Flydubai, while reports also claim he had been restricted from flying.