ഇറാൻ അധികകാലം നിലനില്‍ക്കില്ല; വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്

ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും യുദ്ധ ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി എത്രയും വേഗം കരാറില്‍ എത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ ഒന്നുകില്‍ യുഎസുമായി കരാറില്‍ ഏര്‍പ്പെടെണം അല്ലെങ്കില്‍ അവര്‍ അധികകാലം നിലനില്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു. 'ഞാന്‍ ഈ കമ്പനിയുമായി ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍, നിങ്ങള്‍ അത് പാലിക്കും. നിങ്ങള്‍ അവരുമായി ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍, അവര്‍ അത് പാലിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് പരാമര്‍ശിച്ചു. ടെക്‌സസിലെ ഡെന്റണിലുള്ള പീറ്റര്‍ബില്‍റ്റ് മോട്ടോഴ്സ് പ്ലാന്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

അതിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അമേരിക്കന്‍ നാവിക കപ്പലുകളെ ബഹ്റൈനില്‍ നിന്ന് ഫലപ്രദമായി പ്രതിരോധിച്ചെന്ന് അവകാശപ്പട്ടു. ഏഴ് മാസമായി യുഎസ് നാവികസേനയുടെ ഒരു ചെറിയ ബോട്ടോ പോലും ബഹ്റൈന്‍ ബേസില്‍ നങ്കൂരമിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ്-റേസ നഖ്ദി അവകാശപ്പെട്ടു. ഐആര്‍ജിസിയെ ഭയന്ന് യുഎസ് കപ്പലുകള്‍ ഓടി പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാനെതിരെ അമേരിക്ക ഉപരോധങ്ങൾ ശക്തമാക്കുകയാണ്. ഇറാന് സഹായം നല്‍കിയവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നു.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപ് ഇറാനെതിരെ പ്രതിരോധം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇറാനെതിരെ ആക്രമണം ശക്തമാക്കാനാണ് ട്രംപിൻ്റെ നീക്കം. Content Highlights: US President Donald Trump has once again issued a war threat against Iran

To advertise here,contact us