ഫ്‌ളൈ ദുബായ് വിമാനം തിരിച്ചിറക്കിയ സംഭവം: പിന്നിൽ ഇറാൻ? ആരോപണവുമായി ഡോണള്‍ഡ് ട്രംപ്

ഇറാനുമായുള്ള ബന്ധം വ്യക്തമായാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

വാഷിങ്‌ടെണ്‍: ഫ്‌ളൈ ദുബായ് വിമാനം റാഞ്ചാന്‍ നടന്ന ശ്രമത്തിനു പിന്നില്‍ ഇറാനെന്ന സൂചനയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രാഥമിക നിഗമനത്തില്‍ ഫ്‌ലൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ അക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ബന്ധം വ്യക്തമായാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

രണ്ട് പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഫ്‌ളൈദുബായ് വിമാനം സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന വിമാനം, കോക്ക്പിറ്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കോക്ക്പിറ്റിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് തന്റെ ഒമാനി സഹപൈലറ്റില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം പ്രതിരോധ ശ്രമം തുടര്‍ന്നിരുന്നു. പരിക്കുകള്‍ക്കിടയിലും കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ മച്ചാറിന് സാധിച്ചു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടപെടാന്‍ അവസരമൊരുക്കി. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയും സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ക്യാപ്റ്റനെ ഉടന്‍ തന്നെ തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പൈലറ്റുമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും അതിലൊരാള്‍ ക്രാഷ് ആക്‌സ് കൈവശം വെച്ചിരുന്നെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കോക്ക്പിറ്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിയതായാണ് കരുതപ്പെടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ട സമയം റാഞ്ചല്‍ സാധ്യത തള്ളിക്കളയാനാകാത്ത വിധത്തില്‍ സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചിരുന്നതായാണ് വിവരം. പിന്നാലെ വിമാനം റാഞ്ചിയിട്ടില്ലെന്നും പൈലറ്റുമാര്‍ തമ്മിലുള്ള സംഘര്‍ത്തെ തുടര്‍ന്നാണ് വിമാനം തഴ്ന്നുപറന്നതെന്നുമാണ് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം ഫ്‌ളൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. യുഎഇയിലെ ആശുപത്രിയില്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഭീകരാക്രമണ ശ്രമമുണ്ടോയെന്ന് അന്വേഷിക്കാനാണ് യുഎഇയുടെ തീരുമാനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് നീക്കം. ആസൂത്രിതമായ ഹൈജാക്കിങ് ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ആക്രമണത്തിന് പിന്നിലെന്ത്? ആക്രമണത്തിന് ഉപയോഗിച്ച ക്രാഷ് ആക്‌സ് എവിടെ നിന്ന്? കോക്ക്പിറ്റില്‍ എങ്ങനെ ആയുധം ലഭിച്ചു? ആസൂത്രിത ആക്രമണമോ? അടിയന്തര ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ചതോ? കോ പൈലറ്റിന്റെ ലക്ഷ്യമെന്ത്? ഇറാന്‍ ബന്ധമുണ്ടോ? എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

Content Highlights: US President Donald Trump said there are indications of a possible Iranian link to an alleged attempt to seize control of a Flydubai flight. He said the co-pilot involved is preliminarily suspected of having connections with Iran and warned of a strong response if the link is confirmed. An investigation into the incident is ongoing.

To advertise here,contact us