പാരീസ്: 100 മില്യണ്‍ ബാരല്‍ എണ്ണയും ഡീസലും വിപണിയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് ജി7 രാജ്യങ്ങള്‍. ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ വിതരണ തടസ്സങ്ങള്‍ക്കിടെ ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി7, വരും ദിവസങ്ങളില്‍ ഗണ്യമായ അളവില്‍ ഡീസല്‍ ശേഖരം പുറത്തുവിടുമെന്ന് അറിയിച്ചു.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ വിലക്കയറ്റ സമ്മര്‍ദം കുറയ്ക്കാനായി ഡീസല്‍ കയറ്റുമതി നിരോധിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരമൊരു നടപടി മറ്റ് രാജ്യങ്ങളില്‍ വില ഉയരാന്‍ ഇടയാക്കുന്നതാണ്. അംഗരാജ്യങ്ങള്‍ പരസ്പരം എണ്ണ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണയായതായും സംയുക്ത പ്രസ്താവനയില്‍ ജി7 രാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്ക, യുകെ, കാനഡ, ജപ്പാന്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ജി7 അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനും ജി7 യോഗങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നുണ്ട്.
ഒരു ദിവസം മുമ്പ് ഫ്രാന്‍സും ജര്‍മനിയും കരുതല്‍ ഡീസല്‍ ശേഖരം പുറത്തുവിടണമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തപക്ഷം കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. യൂറോപ്പ് 50 മില്യണ്‍ ബാരല്‍ ഡീസല്‍ ശേഖരം പുറത്തുവിടുന്നത് യൂറോപ്യന്‍ യൂണിയന്റെ അടിയന്തര ഡീസല്‍, പെട്രോള്‍ ശേഖരത്തിന്റെ ഏകദേശം 17 ശതമാനത്തിന് തുല്യമാണ്. അതേസമയം, ഇത് യൂറോപ്യന്‍ യൂണിയന്റെ ഒരു വര്‍ഷത്തെ ഡീസല്‍ ഉപഭോഗത്തിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം വരും.
Content Highlights: G7 countries agreed to release 100 million barrels of oil and diesel to ease fuel supply pressures and rising prices linked to global energy disruptions