ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ഒമാൻ സ്വദേശി; സ്ഥിരീകരിച്ച് ഇസ്രയേൽ

ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധവും അബ്രഹാം ഉടമ്പടിയും തകര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നാണ് ഗിഡിയോണിന്റെ ആരോപണം

ജെറുസലേം: ദുബായ്-ടെല്‍ അവീവ് ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ച സഹപൈലറ്റ് ഒമാന്‍ സ്വദേശിയാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഹൈജാക്ക് ചെയ്യാനോ തകര്‍ക്കാനോ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തെ 'ജിഹാദി ഭീകരാക്രമണം' എന്ന് ഗിഡിയോണ്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് നിലവില്‍ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധവും അബ്രഹാം ഉടമ്പടിയും തകര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നാണ് ഗിഡിയോണിന്റെ ആരോപണം. ഇസ്രായേലും മറ്റ് അറബ്, മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനാണ് അബ്രഹാം കരാര്‍ നിലവിലുള്ളത്.

പരിക്കേറ്റിട്ടും കോക്പിറ്റ് വാതില്‍ തുറക്കാന്‍ മനസാന്നിധ്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. വിമാനം സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ ഇറക്കുകയും ചെയ്തത് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരാണ്. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും ആക്രമണകാരികളുടെ വിവരങ്ങളും സൗദി അറേബ്യയോ യുഎഇയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൗദിയിലെ പ്രാഥമിക അന്വേഷണത്തിന് ശേഷം സഹപൈലറ്റിനെ യുഎഇക്ക് കൈമാറുമെന്നാണ് വിവരം. സഹപൈലറ്റിനെ യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെടുമെന്നും ഗിഡിയോണ്‍ പറഞ്ഞു.

ആക്രമണകാരിയെ ഇസ്രയേലി യാത്രക്കാര്‍ കീഴടക്കിയതോടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് അധിക പൈലറ്റുകള്‍ക്ക് നിയന്ത്രണം ഏറ്റെടുക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഉദാഹരണമായാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കാന്‍ നിലവില്‍ മതിയായ വിവരങ്ങളില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൃത്യമല്ലാത്ത കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം കൊണ്ട് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് ഇസ്രയേലിന്റെ നിഗമനം. കൂടുതല്‍ ഇസ്രയേലുകാരെ ലക്ഷ്യമിടുക, അബ്രഹാം കരാറനുസരിച്ചുള്ള ഇസ്രയേല്‍-യുഎഇ ബന്ധത്തെ തകര്‍ക്കുക, യുഎഇയെ നശിപ്പിക്കുക എന്നിവയാണ് ഗിഡിയോണ്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദുമായി വിഷയം ചര്‍ച്ച ചെയ്തതായും ആക്രമണം ഇസ്രയേല്‍-യുഎഇ ബന്ധത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ഇരുരാജ്യങ്ങളും തീരുമാനമെടുത്തതായും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ പറഞ്ഞു.

Content Highlights: Israel’s Foreign Minister Gideon Sa’ar says the flydubai co-pilot accused of stabbing the captain on a Dubai-Tel Aviv flight is an Omani national, while praising Indian pilot Captain Smit Machchhar and Israeli passengers for helping prevent a major tragedy

To advertise here,contact us