ന്യൂയോർക്ക്: ഇറാന്-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്റെ നിദേശങ്ങള്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂയോര്‍ക്കില്‍ മാധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാനിയന്‍ നിര്‍ദ്ദേശം ഖത്തര്‍ മധ്യസ്ഥര്‍ വഴി യുഎസിന് മുന്നില്‍ അവതരിപ്പിച്ചതായി അരാഗ്ചി പറഞ്ഞിരുന്നു. യുഎസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ തന്ത്രപ്രധാനമായ ജലപാത ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കുമെന്ന് അരാഗ്ചി പറഞ്ഞു.
എന്നാല്‍ ഇറാന്റെ മേല്‍ അമേരിക്ക ചുമത്തിയ ഉപരോധങ്ങളില്‍ ഇളവ് നല്‍കുമെന്നും മരവിപ്പിച്ച ഫണ്ടുകള്‍ വിട്ട് നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകളും ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് ട്രംപ് അറിയിച്ചു.
അതിനിടെ, ഇറാനുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ഒരു കരാറും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിൻ്റെ മധ്യസ്ഥതതയിൽ നടക്കുന്ന ഇറാൻ-യുഎസ് ചർച്ച ഇന്നും തുടരും. ചർച്ചകൾ നടക്കുമെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനുമായി ഈ ആഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് യുദ്ധത്തില്‍ വളരെ വേഗം വിജയം നേടുമെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസുമായുള്ള നയതന്ത്രത്തിന് ഇറാന് തയ്യാറാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നയതന്ത്രത്തിന് പുറമേ അമേരിക്ക നടത്തുന്ന ഏത് ആക്രമണത്തേയും ഇറാന് നേരിടുമെന്നും അരാഗ്ചി വ്യക്തമാക്കിയിരുന്നു. 'അപ്പോക്കലിപ്റ്റിക് യുദ്ധം' ആണെങ്കില്‍ പോലും ഇറാന് നേരിടുമെന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം.
Content Highlights: US President Donald Trump has rejected Iran's latest proposal amid ongoing discussions between the two countries. The proposal reportedly included reopening the Strait of Hormuz and resuming nuclear talks.