അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി ഇറാന് വിശ്വാസമില്ല: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ

ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

ന്യൂയോർക്ക്: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ റോഡ്മാപ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് അരാ​ഗ്ചിയുടെ പ്രതികരണം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി ഇറാന് വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ തവണയും ചർച്ചകൾക്ക് പിന്നാലെ കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി വിശ്വാസമില്ലെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മുൻപ് നടന്ന ചർച്ചകളുടെ ഓരോ ഘട്ടത്തിനും പിന്നാലെ ആക്രമണങ്ങളും ഉപരോധങ്ങളും ഉണ്ടായതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ഭാഗത്ത് ഞങ്ങൾക്ക് വിശ്വാസമില്ല. അവരുമായി എങ്ങനെയാണ് ധാരണയിലെത്താനാകുക എന്നതും ഞങ്ങൾക്ക് അറിയില്ലെന്നും ഇറാൻ പ്രസിഡൻ്റ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തടഞ്ഞത് ഇറാനല്ലെന്നും അമേരിക്കയാണ് തങ്ങളുടെ ഭാഗത്തേക്കുള്ള പാതകൾ അടച്ചതെന്നും മസൂദ് പെസഷ്കിയാൻ ചൂണ്ടിക്കാണിച്ചു. ഇറാനിലേക്കുള്ള പാതകൾ അടച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് ഈ അടച്ചിടൽ എന്നും പെസഷ്കിയാൻ വിശദീകരിച്ചു. ബലപ്രയോഗത്തിലൂടെയല്ല ചർച്ചകളിലൂടെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ധാരണയിലെത്തിയാൽ വാണിജ്യ കപ്പലുകൾക്കായി ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചകൾക്കിടെയാണ് ഹോർമൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കുന്നതിനുള്ള നിർദേശം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി മുന്നോട്ടുവച്ചത്. ജൂൺ 17ൻ്റെ ഇസ്ലാമാബാദ് ധാരണാപത്രത്തിൽ (MoU) അമേരിക്ക ഏറ്റെടുത്ത നടപടികൾ വേഗത്തിൽ നടപ്പാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇതിൽ 12 ബില്യൺ ഡോളർ മൂല്യമുള്ള മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, ഇറാന്റെ എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ പിൻവലിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുന്നു. ലെബനനിലെ തെക്കൻ ഭാഗത്ത് ഇസ്രയേൽ ഇപ്പോഴും സൈനിക സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ,ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ എല്ലാ ശത്രുതാപരമായ നടപടികളും ഏഴ് ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന ആവശ്യവും ഇറാൻ മുന്നോട്ട് വെച്ചിരുന്നു. അമേരിക്ക ഈ നിബന്ധനകൾ അംഗീകരിച്ചാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ അവ നടപ്പാക്കാനാകുമെന്നും അരാ​ഗ്ചി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഏഴാം ദിവസം ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്കയുമായി അന്തിമ കരാറിനുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യാമെന്നും അരാ​ഗ്ചി പറഞ്ഞിരുന്നു.

എന്നാൽ ഇറാന്റെ ഏഴ് ദിവസത്തെ റോഡ്മാപ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന്റെ നിർദേശം നിരസിക്കുന്നതായി വ്യക്തമാക്കിയത്. അവരുടെ നിർദേശം ഞാൻ തള്ളുന്നു. ഇറാൻ വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാലാണ് കരാറിന് ശ്രമിക്കുന്നത് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അവർ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നു. അതിൽ പ്രശ്നമില്ല. എനിക്കും ഒരു കരാർ വേണമെന്നാണ് ആഗ്രഹം. എന്നാൽ ആ കരാർ അംഗീകരിക്കാനാകില്ല എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

Content Highlights: iran-president-masoud-pezeshkian-says-tehran-no-longer-trusts-us-talks

To advertise here,contact us