യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ

ഇന്ത്യയ്‌ക്കൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യത്തെയും മൗറീഷ്യസ് പിന്തുണച്ചു

ന്യൂയോര്‍ക്ക്: യുഎന്‍ സെര്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് റഷ്യ. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്‌റോവാണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. അതേസമയം കൗണ്‍സിലിലെ പാശ്ചാത്യ രാജ്യങ്ങളുടെ പ്രാതിനിധ്യം അധികരിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പും നല്‍കി.

'യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉണ്ടാകുന്ന പരിഷ്‌കരണങ്ങള്‍ ഒരിക്കലും പാശ്ചാത്യരാജ്യങ്ങള്‍ക്ക് സീറ്റ് നല്‍കുന്നതിന് വേണ്ടിയുള്ളതാവരുത്, പ്രത്യേകിച്ച് സൈനികവാദത്തിന്റെയും പ്രതികാരവാദത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ജര്‍മനിക്കും ജപ്പാനും ഇടം കൊടുക്കരുത് എന്നായിരുന്നു ലാവ്‌റോവിന്റെ പ്രസ്താവന. ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ലാവ്‌റോവ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ഒപ്പം കൗണ്‍സിലില്‍ വരുന്ന പരിഷ്‌കരണവും സമിതിയുടെയും അതിലെ സ്ഥിരാംഗങ്ങളുടെയും പ്രത്യേക അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗ്ലോബൽ സൗത്തില്‍ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിച്ചാണ് ഇന്ത്യയുടെ പേര് അദ്ദേഹം മുന്നോട്ട് വച്ചത്.

'ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിപുലീകരിച്ച പ്രാതിനിധ്യത്തെ ഞങ്ങള്‍ അനുകൂലിക്കുന്നു. ബ്രസീലിനും ഇന്ത്യയ്ക്കും സ്ഥിരാംഗത്വം നല്‍കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു'- ലാവ്‌റോവ് പറഞ്ഞു. അതേസമയം മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുല്ലം ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന വിഷയത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇന്ത്യയുടെ ക്രിയാത്മാകമായ ഇടപെടലിന് അനുസൃതമായി അവര്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യത്തെയും മൗറീഷ്യസ് പിന്തുണച്ചു.

Content Highlights: Russia has backed India’s candidature for a permanent seat on a reformed and expanded United Nations Security Council

To advertise here,contact us