എഐ മനുഷ്യരാശിയെ ദുർബലപ്പെടുത്തും: മുന്നറിയിപ്പുമായി പോപ്പ് ലിയോ പതിനാലാമൻ

മാർപാപ്പയിയായി സ്ഥാനം ഏറ്റെടുത്തതിന്റെ തുടക്കം മുതൽ തന്നെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി എഐയെ പോപ്പ് വിശേഷിപ്പിച്ചിരുന്നു

പാരിസ്: മനുഷ്യൻ എന്താണെന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകളും മനുഷ്യരാശിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോപ്പ് ലിയോ പതിനാലാമൻ. എഐയെ ‘യന്ത്രങ്ങളുടെ സ്വർഗം’ എന്ന വിശേഷിപ്പിച്ചായിരുന്നു മാർപാപ്പയുടെ മുന്നറിയിപ്പ്. 'നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറി അതിനെ നിയന്ത്രിക്കുന്ന യന്ത്രങ്ങളുടെ സ്വർഗത്തിനിടയിൽ മനുഷ്യരാശിയെ നഷ്ടപ്പെടാതിരിക്കണമെങ്കിൽ ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള നൈതിക വിവേചനബോധം വളർത്തുന്ന വിദ്യാഭ്യാസം അടിയന്തരമായി ആവശ്യമാണ്' എന്നായിരുന്നു പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞത്. 'ശാസ്ത്രീയ പുരോഗതി ലാഭം മാത്രം ലക്ഷ്യമിടുന്ന സംരംഭങ്ങളായി മാറരുതെന്നും ജനിതക മാറ്റം, സറോഗസി, മനുഷ്യാവയവങ്ങളുടെ വ്യാപാരം, സ്വന്തം മരണം ക്രമീകരിക്കാനുള്ള സാധ്യത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് ശാസ്ത്രം നീങ്ങരുതെന്നും' മാർപാപ്പ ആവശ്യപ്പെട്ടു. ആണവായുധങ്ങളോടുള്ള വത്തിക്കാന്റെ എതിർപ്പ് പോപ്പ് വീണ്ടും വ്യക്തമാക്കി. ആണവ പ്രതിരോധ സിദ്ധാന്തം തെറ്റായ സമീപനമാണെന്നും ഇത് പുതിയൊരു ആയുധമത്സരത്തിന് വഴിയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് ‘ബുദ്ധി’ എന്ന വിശേഷണം നൽകുമ്പോൾ തന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ അന്തസ്സിനെ അംഗീകരിക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നുവെന്ന വിരോധാഭാസവും പോപ്പ് ലിയോ പതിനാലാമൻ ചൂണ്ടിക്കാട്ടി. കാര്യക്ഷമതയെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിന്റെ മൂല്യം നിർണയിക്കുകയും ഉൽപ്പാദനക്ഷമത കുറഞ്ഞവരെ നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. മനുഷ്യരെ മാറ്റിസ്ഥാപിക്കുകയോ ഒടുവിൽ മനുഷ്യരാശിയെ തന്നെ നശിപ്പിക്കുകയോ ചെയ്യാതെ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന ഒരു ഉപകരണമായി എഐയെ മാറ്റുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ സാങ്കേതികവിദ്യാ മേഖലയിലുള്ള പലരും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എഐ വികസിപ്പിക്കുന്നവരിൽ തന്റെ സന്ദേശം കേൾക്കാനുള്ള സന്നദ്ധത കാണുന്നുണ്ടെന്നും സാങ്കേതിക കമ്പനികളും വത്തിക്കാനും തമ്മിലുള്ള സംവാദം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോപ്പ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

മാർപാപ്പയിയായി സ്ഥാനം ഏറ്റെടുത്തതിന്റെ തുടക്കം മുതൽ തന്നെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി എഐയെ പോപ്പ് വിശേഷിപ്പിച്ചിരുന്നു. തന്റെ ആദ്യ എൻസൈക്ലിക്കൽ സന്ദേശത്തിലും അദ്ദേഹം ഈ വിഷയത്തിന് പ്രാധാന്യം നൽകിയിരുന്നു. എഐയ്ക്ക് ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ പൊതുനന്മ മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പാരീസിലെത്തിയ പോപ്പിനെ ആയിരക്കണക്കിന് ആളുകളാണ് സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായും എലിസി കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സാങ്കേതികവിദ്യയുടെ വളർച്ചയും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ആശങ്കകൾ പോപ്പ് പങ്കുവെച്ചു. തുടർന്ന് യു എന്നിന്റെ സാംസ്കാരിക-വിദ്യാഭ്യാസ സംഘടനയായ യുനെസ്കോയുടെ ആസ്ഥാനത്ത് നയതന്ത്ര പ്രതിനിധികളോടും യുഎൻ ജീവനക്കാരോടും അദ്ദേഹം സംസാരിച്ചു. ഫ്രാൻസിന്റെ ഭരണഘടനയിൽ മതനിരപേക്ഷതയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെങ്കിലും ‘യഥാർഥ മതനിരപേക്ഷത’ എന്നത് പൊതുമേഖലയിൽനിന്നും വിദ്യാഭ്യാസ മേഖലയിൽനിന്നും മതത്തെ പൂർണമായി ഒഴിവാക്കുന്നതാകരുതെന്നും പോപ്പ് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ച പാരീസിൽ നിന്ന് സെന്റ്-ഡെനിയിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ യുവാക്കൾക്കായി സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിലും പോപ്പ് പങ്കെടുത്തു. ഫ്രാൻസിന്റെ ‘വിശുദ്ധർ’ എന്നാണ് അദ്ദേഹം അവിടെ ഒത്തുകൂടിയവരെ വിശേഷിപ്പിച്ചത്. പോപ്പിനെ കാണുന്നതിനായി വെള്ളിയാഴ്ച മാത്രം ഏകദേശം മൂന്ന് ലക്ഷം പേർ എത്തിയെന്നാണ് വത്തിക്കാൻ കണക്കാക്കുന്നത്.

Content Highlights: Pope Leo XIV has warned that artificial intelligence could weaken humanity, highlighting concerns over its growing influence and impact on human life.

To advertise here,contact us