അമേരിക്ക ധാരണയ്ക്ക് തയ്യാറായാൽ ഒരാഴ്ച കൊണ്ട് ഹോ‍ർമൂസ് തുറക്കും: അബ്ബാസ് അരാ​ഗ്ചി

ഖത്തർ വഴിയാണ് നിർദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും തുറക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കരാർ അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി. ആവശ്യമായ വ്യവസ്ഥകൾ പാലിക്കപ്പെടുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധിക്കുമെന്ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അരാ​ഗ്ചി വ്യക്തമാക്കി. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ (MOU) ഇതിനാവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമായ വ്യവസ്ഥകൾ അമേരിക്ക പാലിക്കുകയാണെങ്കിൽ കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളിൽ സാധാരണ സമുദ്രഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അരാ​ഗ്ചിയുടെ പ്രതികരണം. ഇനി തീരുമാനം അമേരിക്കയുടേതാണെന്ന് ചൂണ്ടിക്കാണിച്ച അരാ​ഗ്ചി ഖത്തർ വഴിയാണ് നിർദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നും വ്യക്തമാക്കി. എന്നാൽ അമേരിക്ക സ്വീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്ന നടപടികൾ എന്തൊക്കെയാണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല. അമേരിക്ക സ്വീകരിക്കേണ്ട നടപടികൾ പുതിയതല്ല. അവയെല്ലാം ധാരണാപത്രത്തിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു അരാ​ഗ്ചിയുടെ പ്രതികരണം. കരാറിലെത്താനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയ്ക്ക് ആത്മാർഥമായ താൽപര്യമുണ്ടെങ്കിൽ ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ തന്നെ തയ്യാറാണ് എന്നും അരാ​ഗ്ചി കൂട്ടിച്ചേർത്തു. അതേ സമയം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും അതിനാൽ തങ്ങൾക്ക് തിടുക്കമില്ലെന്നുമാണ് യു എസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഇതുവരെ സാധ്യമാകാതെ പോയ ഇറാനുമായുള്ള ഒരു കരാർ നവംബറിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായി കഴിഞ്ഞ ദിവസം യുഎൻ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ പുനർനിർമിക്കാനും മുമ്പത്തേക്കാൾ ശക്തമായ ഒരു രാജ്യമാക്കി മാറ്റാനും അനുവദിക്കുന്ന തരത്തിലുള്ള ഒരു കരാർ ഉണ്ടാകുമോ? അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഞാൻ നശിപ്പിക്കുമോ? ജനങ്ങളെയും രാജ്യങ്ങളെയും വീണ്ടും കൊല്ലാനും നശിപ്പിക്കാനും അവർക്ക് അവസരം നൽകാതെ അത് വേഗത്തിൽ ചെയ്യുമോ? അവരെ നരകത്തിലേക്ക് തള്ളിവിടുമോ? എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ നിർബന്ധത്തിനോ ഭീഷണികൾക്കോ ഭയപ്പെടുത്തലിനോ വഴങ്ങില്ലെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയുടെ പ്രതികരണം. നശിപ്പിക്കുമെന്ന ഭീഷണിയിലൂടെ സമാധാനം കെട്ടിപ്പടുക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 18ന് അമേരിക്കയും ഇറാനും ഒപ്പുവെച്ച ധാരണാപത്രം വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് ഭാഗികമായെങ്കിലും വീണ്ടും തുറക്കുന്നതിനുമുള്ള നടപടികൾ ലക്ഷ്യമിട്ടുള്ളതായിരുന്നു. 14 വ്യവസ്ഥകളടങ്ങിയ കരാറിൽ ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ഇറാനും അവരുടെ സഖ്യകക്ഷികളും എല്ലാ മുന്നണികളിലെയും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും കരാറിൽ പറഞ്ഞിരുന്നു. യു എസ് നാവിക ഉപരോധം അവസാനിപ്പിക്കൽ ഉപരോധങ്ങളിൽ ഇളവ് നൽകൽ തുടങ്ങിയ വ്യവസ്ഥകളും ഇതിൽ ഉൾപ്പെട്ടിരുന്നു. കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഭാവിയിലെ കപ്പൽ ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച് ഒമാനുമായി ചർച്ച നടത്തുമെന്നും കരാറിൽ ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ ഇരുപക്ഷവും വീണ്ടും ആക്രമണങ്ങൾ പുനരാരംഭിച്ചതോടെ കരാർ തകരുകയായിരുന്നു.

ഇതിനിടെ മക്ക സംയുക്തകരാറിൽ പങ്കാളികളായ പാകിസ്താൻ്റെയും സൗദി അറേബ്യയുടെയും തുർക്കിയുടെയും സൈനിക മേധാവികൾ യോ​ഗം ചേർന്നു. സൗദിക്കെതിരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോ​ഗം എന്നതാണ് ശ്രദ്ധേയം. യോ​ഗത്തിന് പിന്നാലെ പാകിസ്താൻ പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. സൈനിക മേധാവികളുടെ യോഗത്തിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായും മക്ക നഗരത്തെയും സൗദിയിലെ സിവിലിയൻ, സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തതായും പ്രിൻസ് ഖാലിദ് എക്‌സിലെ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇത്തരം ആക്രമണങ്ങളെ നേരിടാനുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും എക്സിൽ അദ്ദേഹം കുറിച്ചു.

Content Highlights: Iranian Foreign Minister Abbas Araghchi says the Strait of Hormuz could be reopened within a week if the United States agrees to a proposed understanding.

To advertise here,contact us