'AI മനുഷ്യരുടെ നിയന്ത്രണത്തില്‍ ആയിരിക്കണം'; വൈറ്റ് ഹൗസ് സന്ദര്‍ശിക്കവെ ആഹ്വാനവുമായി ഷി ജിന്‍പിങ്

പത്തു വര്‍ഷത്തിന് ശേഷമുള്ള ഷിയുടെ ആദ്യ വാഷിങ്ടണ്‍ സന്ദര്‍ശനമാണിത്

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പത്തു വര്‍ഷത്തിന് ശേഷമുള്ള ഷിയുടെ ആദ്യ വാഷിങ്ടണ്‍ സന്ദര്‍ശനമാണിത്. വ്യാപാരം, സാങ്കേതികവിദ്യ, തായ്‌വാന്‍, ഇറാനിലെ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ലോകത്തെ ഏറ്റവും ശക്തരായ രണ്ട് രാജ്യങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.

നിര്‍മ്മിത ബുദ്ധി സംബന്ധിച്ച വിഷയത്തിലും കൂടിക്കാഴ്ചയിൽ ഷി ജിന്‍പിങ് തന്റെ നിലപാട് വ്യക്തമാക്കി. എഐ മനുഷ്യരുടെ നിയന്ത്രണത്തില്‍ തന്നെ തുടരണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും അമേരിക്കയും എഐ രംഗത്തെ മുന്‍നിര രാജ്യങ്ങളാണെന്നും അതിനാല്‍ സാങ്കേതികവിദ്യയുടെ ഭാവി എങ്ങനെ വികസിക്കണമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും ഷി പറഞ്ഞു.

ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഷി മുന്നോട്ടുവച്ചു. പരസ്പര ധാരണയിലൂടെ സൈനിക സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പൊതുവായ കാര്യങ്ങളില്‍ സഹകരിക്കാനും പരസ്പര വിശ്വാസം വളര്‍ത്താനും കഴിയും. ചൈനയും അമേരിക്കയും പോലുള്ള രണ്ട് വലിയ രാജ്യങ്ങള്‍ക്ക് സഹകരണത്തിലൂടെ നേട്ടമുണ്ടാകുമെന്നും ഏറ്റുമുട്ടല്‍ ഇരുകൂട്ടര്‍ക്കും നഷ്ടമുണ്ടാക്കുമെന്നും ഷി വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സ്ഥിരമായ ആശയവിനിമയം നിലനിര്‍ത്തുകയും പ്രതിസന്ധി ഘട്ടങ്ങളിലെ ആശയവിനിമയത്തിലൂടെ സംഘര്‍ഷം തടയുന്നതിനും സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മേയില്‍ ബീജിങ്ങില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷി ഈ ആശയം ഉന്നയിച്ചിരുന്നു. നിര്‍മ്മിത ബുദ്ധി, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ശക്തമായി തുടരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും പരസ്പരം താരിഫ് ഏര്‍പ്പെടുത്തുന്നതും തുടരുകയാണ്. അമേരിക്കയിലേക്ക് രണ്ടാമതും ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ ചൈനീസ് നേതാവാണ് ഷിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. 2015ല്‍ ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഷിയുടെ മുന്‍ സന്ദര്‍ശനം നടന്നത്. ഷി ജിന്‍പിങുമായി വളരെ മികച്ച സൗഹൃദം സ്ഥാപിച്ചതായും ഇരു രാജ്യങ്ങളും നേരിടുന്ന വിഷയങ്ങളില്‍ താനും ഷിയും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Content Highlights: Xi jinping meets trump at white house, calls for stronger us-china cooperation and human control over AI

To advertise here,contact us