ഒമാൻ തീരത്തിന് സമീപം എംവി കേപ് ഡാവോ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്

മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംവി കേപ് ഡാവോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യൻ പൗരൻ്റെ മരണം സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് എംബസി വ്യക്തമാക്കുന്നത്.

ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്നും മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒമാൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും റിക്രൂട്ട്‌മെന്റ് ആൻഡ് പ്ലേസ്‌മെന്റ് സർവീസസ് ലൈസൻസ് (RPSL) ഏജൻസിയുമായി സഹകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ മരിച്ചത് ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സുരജ് യാദവ് ആണെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കപ്പൽ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും യാദവ് കൊല്ലപ്പെട്ടതായുമാണ് യൂണിയൻ അറിയിച്ചത്. കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും ഇതിൽ 20 പേർ ഇന്ത്യക്കാരാണെന്നുമാണ് FSUIയുടെ അവകാശവാദം. എന്നാൽ കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരാണുണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിന് നേരെ രണ്ട് ടോർപിഡോകൾ പ്രയോഗിച്ചതായാണ് FSUI പറയുന്നത്. ഇതിൽ ഒന്ന് കപ്പലിന്റെ പോർട്ട് വശത്തെ സി-ഡെക്കിലെ താമസസ്ഥലത്തും മറ്റൊന്ന് എൻജിൻ റൂമിന് സമീപമുള്ള പോർട്ട് വശത്തെ ഹള്ളിലുമാണ് പതിച്ചതെന്ന് യൂണിയൻ അറിയിച്ചു.

Content Highlights: An Indian sailor was killed after the MV Cape Dao came under attack near the Oman coast, with Indian crew members reportedly among those on board.

To advertise here,contact us