ന്യൂയോർക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മാസങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണകളിൽ ഇരുപക്ഷവും എത്തിച്ചേരുമോ എന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ന് രാത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മധ്യസ്ഥര്‍ വഴി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജൂലൈയില്‍ ഒരു ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത്.
ഇറാനുമായി കരാറില്‍ ഏര്‍പ്പെടണോ അതോ രാജ്യത്തെ 'ഉന്മൂലനം' ചെയ്യണോയെന്ന് തീരുമാനിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ യുഎന്‍ പൊതുസഭയില്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് ശേഷം ട്രംപ് വിപരീതമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുഎസ് ഉദ്യോഗസ്ഥര്‍ ഇറാന് നേതാക്കളുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെന്നും 'വളരെ മികച്ച' കൂടിക്കാഴ്ചയാണ് നടന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം കാരണം ഗള്‍ഫ് മേഖല വളരെ അപകടകരമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎന്‍ജിഎയില്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ ഉന്മൂലനം ചെയ്യുമെന്ന ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി ഇറാന് സൈന്യം തള്ളിക്കളഞ്ഞു. ആക്രമണത്തെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇറാന് സൈന്യം പ്രതികരിച്ചത്.
Content Highlights: The first phase of Iran US talks has begun amid the West Asia conflict, while Iran’s president is scheduled to address the conference.