ന്യൂയോര്‍ക്ക്: ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി ചര്‍ച്ച നടത്തി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച്ച മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ന്യൂയോര്‍ക്കിലെത്തിയിരുന്നു. കൂടിക്കാഴ്ച വളരെ നല്ലതെന്നാണ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാന് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അറാഖ്ചി അമേരിക്കയെ അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇറാൻ ആവശ്യപ്പെടുന്ന നിബന്ധനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. യുഎസ് സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുണ്ടെന്ന് അറാഖ്ചി ആശങ്ക പ്രകടിപ്പിച്ചു. ഇറാന് വാര്‍ത്താ ഏജന്‍സിയായ IRIB റിപ്പോര്‍ട്ട് പ്രകാരം, യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ എല്ലാ ആസ്തികളും വേഗത്തില്‍ വിട്ടുനല്‍കുക, എല്ലാ രീതിയിലും യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. 'തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നമ്മള് ഒരു കരാറിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ യാതൊരു കാരണവുമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇറാനെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ച ട്രംപ് ഇറാനെതിരെ യുദ്ധം തിരഞ്ഞെടുക്കണമോ സമാധാനത്തിന്റെ വഴി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
Content Highlights: Iranian Foreign Minister Abbas Araghchi and US envoy Steve Witkoff held a three-hour meeting in New York during the UN General Assembly. Iran reiterated conditions for reopening the Strait of Hormuz, while President Donald Trump said he expected a deal with Iran after the US midterm elections