വൈറ്റ് ഹൗസിൽ ട്രംപിന്റെ മാധ്യമ വിലക്ക്; ഫെഡറല്‍ കോടതിയെ സമീപിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍

ഇതില്‍ പ്രതിഷേധിച്ച് പ്രസിഡന്റുമായി ബന്ധപ്പെട്ട പൂള്‍ കവറേജ് പരിപാടികള്‍ ടിവി പൂള്‍ സംഘം റിപ്പോര്‍ട്ട് ചെയ്യില്ലെന്നാണ് അറിയിച്ചിരിക്കുന്നത്

വാഷിങ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂളില്‍ നിന്ന് സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ ഒഴിവാക്കിയതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. എന്നാല്‍ സിഎന്‍എന്നിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് എബിസി, സിബിഎസ്, ബോക്‌സ് ന്യൂസ്, എന്‍ബിസി തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിഡന്റ് ട്രംപിന്റെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം വൈറ്റ്‌ഹൗസിലെ വിലക്കിനെതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാധ്യമങ്ങളുടെ തീരുമാനം. വിലക്ക് നേരിട്ട സിഎന്‍എന്‍, എംഎസ് നൌ, പൊളിറ്റിക്കോ മാധ്യമങ്ങള്‍ വാഷിങ്ടണ്‍ ഡിസി ഫെഡറല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

ഇന്ന് മുതല്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട പൂള്‍ കവറേജ് പരിപാടികള്‍ ടിവി പൂള്‍ സംഘം റിപ്പോര്‍ട്ട് ചെയ്യില്ലെന്നാണ് ഫോക്‌സ് ന്യൂസിന്റെ വാഷിംഗ്ടണ്‍ ബ്യൂറോ ചീഫും നിലവില്‍ ടിവി പൂള്‍ ചെയര്‍മാനുമായ ബ്രയാന്‍ ബൗട്ടണ്‍ പൂള്‍ അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ അറിയിച്ചത്. സിഎന്‍എന്നിനെ അവരുടെ നിശ്ചിത പൂള്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ വൈറ്റ് ഹൗസിന്റെ നിലപാടിനെത്തുടര്‍ന്നാണ് ഈ തീരുമാനം എന്നും ബൗട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിലക്ക് നേരിട്ട മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അസോസിയേറ്റഡ് പ്രസ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങളും ഇതേ നിലപാട് സ്വീകരിച്ചു. 'വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി പൂളി'ന്റെ ഭാഗമായി തിങ്കളാഴ്ച പകര്‍ത്തിയ ചിത്രങ്ങള്‍ (ട്രംപ് 'മറൈന്‍ വണ്‍' ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്നതും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം പങ്കെടുത്ത പരിപാടികളും ഉള്‍പ്പെടെയുള്ളവ) പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് അവര്‍ അറിയിച്ചു. സര്‍ക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങള്‍ അറിയുന്നതില്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു വാര്‍ത്താ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിംഗിനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഒരു ഭരണകൂടവും ആ സ്ഥാപനത്തെ നിയന്ത്രിക്കാന്‍ പാടില്ലെന്നാണ് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അഞ്ച് വാര്‍ത്താ ശൃംഖലകള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ടെലിവിഷന്‍ സംപ്രേക്ഷണം ഒഴിവാക്കുമെന്ന് ബ്രോഡ്കാസ്റ്റ് ശൃംഖലകള്‍ അറിയിച്ചിരുന്നെങ്കിലും, അച്ചടി-റേഡിയോ-വാര്‍ത്താ ഏജന്‍സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട മാധ്യമങ്ങള്‍ ട്രംപിന്റെ ദിവസേനയുള്ള നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. വിലക്ക് നേരിടുന്ന മാധ്യമസ്ഥാപനങ്ങളെ പിന്തുണച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിഡന്റിന്റെ പരിപാടികളുടെ ചിത്രങ്ങള്‍ 'ഈസ്റ്റേണ്‍ ടൈം' പ്രകാരം അര്‍ദ്ധരാത്രിക്ക് ശേഷമേ പ്രസിദ്ധീകരിക്കൂ എന്ന് അറിയിച്ചു.

സിഎന്‍എന്‍ , പൊളിറ്റിക്കോ , എംഎസ് നൗ എന്നിവര്‍ തുടര്‍ച്ചയായി കെട്ടുകഥകളും നുണകളും റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് അവരെ വൈറ്റ് ഹൗസില്‍ നിന്ന് വിലക്കുകയാണെന്നാണ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ശനിയാഴ്ച ഈ വാര്‍ത്താ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാല്‍ ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച മറ്റ് മാധ്യമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സംഘടനകളും ട്രംപിന്റെ വിലക്കിനെ അപലപിച്ചു. തിങ്കളാഴ്ച, സിഎന്‍എന്‍, പൊളിറ്റിക്കോ, എംഎസ് നൗ എന്നിവര്‍ ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. വിലക്ക് നടപ്പിലാക്കുന്നത് താല്‍ക്കാലികമായി തടയണമെന്നും റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള വൈറ്റ് ഹൗസ് പ്രവേശന പാസുകള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

താന്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള ആക്രമണമല്ലെന്നും മറിച്ച് ദേശീയ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള നടപടിയാണെന്നുമാണ് ട്രംപ് ട്രൂത്ത്‌സോഷ്യലിലൂടെ ന്യായീകരിച്ചത്. വൈറ്റ് ഹൗസില്‍ ഒരു ബോള്‍റൂമും ട്രയംഫല്‍ ആര്‍ച്ചും നിര്‍മ്മിക്കുന്നതിനെ ന്യായീകരിക്കാനും യുഎസ് പ്രസിഡന്റ് ഈയടുത്ത് ഇതേ വാദം ഉന്നയിച്ചിരുന്നു.

Content Highlights: Tensions between the White House and US media outlets have escalated after CNN and other organisations were excluded from the White House television press pool. ABC, CBS, Fox News and NBC have reportedly announced support for CNN, while CNN, MS NOW and Politico have approached a federal court in Washington, DC, seeking urgent consideration of their challenge to the restrictions.

To advertise here,contact us