ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറുണ്ടാകും; യു എൻ ജനറൽ അസംബ്ലിയിൽ ഡോണൾഡ് ട്രംപ്

ഇറാനെതിരെ യുദ്ധം തിരഞ്ഞെടുക്കണമോ സമാധാനത്തിന്റെ വഴി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി

ന്യൂയോർക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നമ്മൾ ഒരു കരാറിലെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് അങ്ങനെ ചെയ്യാതിരിക്കാൻ യാതൊരു കാരണവുമില്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം​ഗത്തിൽ ഇറാനെക്കുറിച്ച് ദീർഘമായി സംസാരിച്ച ട്രംപ് ഇറാനെതിരെ യുദ്ധം തിരഞ്ഞെടുക്കണമോ സമാധാനത്തിന്റെ വഴി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാനുണ്ടെന്നും വ്യക്തമാക്കി.

ഇറാനുമായി ഒരു കരാർ ഉണ്ടാകുമോ? അതിലൂടെ അവർക്ക് പുനർനിർമിക്കാനും ഇതുവരെ ഉണ്ടായിരുന്നതിലും ശക്തമായ രാജ്യമായി മാറാനും കഴിയുമോ? അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഞാൻ ഇല്ലാതാക്കണോ? അതും വേഗത്തിൽ. വീണ്ടും ജനങ്ങളെയും രാജ്യങ്ങളെയും കൊല്ലാനും നശിപ്പിക്കാനും അവർക്ക് അവസരം നൽകാതെ എന്നായിരുന്നു ട്രംപ് പറഞ്ഞത്. അവരെ നരകത്തിലേക്ക് തള്ളിവിടണോ, അതിലൂടെ അതിജീവിക്കാനും ഭാവിയിൽ വളരാനും അടുത്ത തലമുറകൾക്ക് പ്രതീക്ഷയുണ്ടാകാതിരിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. തന്റെ മുന്നിലുള്ള ഈ രണ്ട് സാധ്യതകൾ വിശദീകരിച്ച ശേഷമായിരുന്നു അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാർ ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന പ്രസ്താവന പ്രസം​ഗത്തിൽ ട്രംപ് ആവർത്തിച്ചു. ഈ പ്രസ്താവനയ്ക്ക് സദസിൽ നിന്ന് ചെറിയ തോതിൽ കൈയടിയും ലഭിച്ചു.

ഇറാൻ മധ്യപൂർവദേശത്തെ ഭീഷണിപ്പെടുത്തുന്ന ശക്തിയായിരുന്നു. എന്നാൽ ഇപ്പോൾ അവർ അങ്ങനെയല്ല, വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ആണവായുധ പദ്ധതികളിൽ നിന്ന് പിന്മാറുകയും ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇറാനെ പൂർണ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള നടപടികളിൽ ഞങ്ങളോടൊപ്പം ചേരണമെന്ന് എല്ലാ രാജ്യങ്ങളോടും ഞാൻ ആവശ്യപ്പെടുന്നുവെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ട്രംപ് പ്രസംഗിക്കുന്നതിനിടെ യുഎൻ ആസ്ഥാനത്തിന് പുറത്ത് ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേർ ഒത്തുകൂടിയിരുന്നു. ചിലർ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചിരുന്നു. ഏകാധിപത്യത്തിനെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു.

രണ്ടാം തവണ പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു യു എൻ പൊതുസഭയിലെ പ്രസം​ഗം ട്രംപ് ആരംഭിച്ചത്. 'മുൻ ഭരണകൂടത്തിൽ നിന്ന് ഇരുണ്ട കാലഘട്ടമാണ് ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചത്. എന്നാൽ ഞങ്ങൾ അമേരിക്കയെ അതിന്റെ സുവർണകാലത്തിലേക്ക് മാറ്റി' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ തുടങ്ങിയ മേഖലകളിലെ തന്റെ ഭരണകൂടത്തിന്റെ നടപടികളും നേട്ടങ്ങളും ട്രംപ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 'റഷ്യയുടെയും യുക്രെയ്ൻ്റെയും നേതാക്കളുമായി ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിച്ചുവരികയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണും. ആളുകൾ കരുതുന്നതിലും വേഗത്തിൽ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റെടുത്ത കഴിഞ്ഞ ജനുവരിയിൽ തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം കുറിക്കുക തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇതുവരെ സാധിക്കാത്തതിൽ അദ്ദേഹം പലപ്പോഴും നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ നിർണായക താൽപര്യങ്ങൾ സംരക്ഷിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ നടത്തിയ ഇടപെടലുകളെ അമേരിക്കൻ ഭരണകൂടത്തിന്റെ വലിയ വിജയമായാണ് പ്രസം​ഗത്തിൽ ട്രംപ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പായും വെനസ്വേലയിൽ നടത്തിയ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചു. 'പശ്ചിമ അർധഗോളത്തിൽ എവിടെയും അമേരിക്കയ്ക്ക് ഭീഷണിയാകുന്ന ശക്തികൾക്ക് സ്വാധീനം സ്ഥാപിക്കാൻ ഇനി അമേരിക്ക അനുവദിക്കില്ലെന്നതിന്റെ തെളിവാണ് വെനസ്വേലയിലെ ഞങ്ങളുടെ നടപടികൾ. ആവശ്യമെങ്കിൽ അമേരിക്കയുടെ സമാനതകളില്ലാത്ത സൈനിക ശക്തി ഉപയോഗിച്ച് രാജ്യത്തിന്റെ നിർണായക ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ക്യൂബയിലും അടിസ്ഥാനപരമായ മാറ്റം വേണമെന്ന് ട്രംപ് പ്രസം​ഗത്തിൽ വ്യക്തമാക്കി. 'രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ 'അടിസ്ഥാനപരമായ മാറ്റം' കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് പൂർണമായും പരാജയപ്പെട്ട രാജ്യമാണ്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇപ്പോൾ അത് തകർന്നുകൊണ്ടിരിക്കുകയാണ്. അത് തകരും' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കെ ക്യൂബൻ പ്രതിനിധി സംഘം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറാനും ട്രംപ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ രൂക്ഷ വിമർശനവും പ്രസം​ഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഉന്നയിച്ചു. നിയന്ത്രണമില്ലാത്ത, വഴിതെറ്റിയ സ്ഥാപനമെന്നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ട്രംപ് വിശേഷിപ്പിച്ചത്. 'വഴിതെറ്റിയ ഈ സ്ഥാപനത്തിൽ നിന്ന് അംഗരാജ്യങ്ങളായ എല്ലാ രാജ്യങ്ങളും ഉടൻ ഔദ്യോഗികമായി പിന്മാറണമെന്ന് ഞാൻ ആവശ്യപ്പെടുന്നു' എന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഉടൻ തന്നെ ഉപരോധ നടപടികൾ പ്രഖ്യാപിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. നെതർലാൻഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധക്കുറ്റങ്ങളും വംശഹത്യയും ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള സ്ഥാപനമാണ്. അമേരിക്ക ഒരിക്കലും അന്താരാഷ്ട്ര കോടതിയിലെ അംഗമായിട്ടില്ല. എന്നാൽ അമേരിക്കയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളിൽ പലതും ICC അംഗങ്ങളാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയോടുള്ള അതൃപ്തി ട്രംപ് ഭരണകൂടം നേരത്തെയും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നടപടികളെ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും അമേരിക്ക നടത്തിയിട്ടുണ്ട്. ഇസ്രയേൽ നേതാക്കൾക്കെതിരായ അറസ്റ്റ് വാറന്റുകൾ പിൻവലിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെക്കുറിച്ചുള്ള മുൻ അന്വേഷണത്തിൽ നിന്ന് കോടതി പിന്മാറണമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്.

Content Highlights: Donald Trump said at the United Nations General Assembly that the United States could reach an agreement with Iran after the interim elections.

To advertise here,contact us