റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ്; വ്‌ളാഡിമര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് മുന്‍തൂക്കം

യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പുടിന് നിര്‍ണായകമാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്

മോസ്‌കോ: റഷ്യന്‍ പാര്‍ലമെന്റ്(ഡുമ) തെരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് മുന്‍തൂക്കം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 58% വോട്ടുമായി യുണൈറ്റഡ് റഷ്യ മുന്നിലാണ്. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പുടിന് നിര്‍ണായകമാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അന്തിമ വിധി സെപ്റ്റംബര്‍ 25 മുമ്പ് വരാന്‍ സാധ്യത ഇല്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട് നിന്ന വോട്ടെടുപ്പ് ഞായറാഴ്ചയാണ് അവസാനിച്ചത്. ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം യുണൈറ്റഡ് റഷ്യ സുരക്ഷിതമായ നിലയിലേക്ക് എത്തുന്നെന്നാണ് റഷ്യന്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022 ഫെബ്രുവരിയില്‍ യുക്രൈയ്നിനെതിരെ റഷ്യ പൂര്‍ണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ സ്റ്റേറ്റ് ഡുമ (റഷ്യന്‍ പാര്‍ലമെന്റ്) തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ സൈനിക, രാഷ്ട്രീയ നയങ്ങള്‍ക്കുള്ള ജനപിന്തുണയുടെ തെളിവായിട്ടാണ് പുടിന്‍ ഈ തെരഞ്ഞെടുപ്പിനെ അവതരിപ്പിച്ചത്.

കര്‍ശനമായ നിയന്ത്രണങ്ങളുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പുടിനെതിരായി കാര്യമായ പ്രതിപക്ഷ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ യുദ്ധവിരുദ്ധ നിലപാടുള്ള ഏക രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയായ 'യാബ്ലോക്കോ'യെ, ഫെഡറല്‍ പാര്‍ട്ടി-ലിസ്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി വിലക്കിയിരുന്നു. പുടിന്‍ നേരിട്ട് മത്സരരംഗത്തുണ്ടായിരുന്നില്ല. 2030 വരെ അദ്ദേഹത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. 2021-ല്‍ നടന്ന മുന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഡുമയിലെ 450 സീറ്റുകളില്‍ 324 എണ്ണവും യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേടിയിരുന്നു.

റഷ്യയും യുക്രൈയ്‌നും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പും നടന്നത്. ഞായറാഴ്ച യുക്രൈയ്ന്‍ മോസ്‌കോയ്ക്കും പരിസരപ്രദേശങ്ങള്‍ക്കുമായി 1,000-ത്തിലധികം ഡ്രോണുകള്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണങ്ങളില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. റഷ്യയിലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ പറഞ്ഞു. എന്നാല്‍ യുക്രൈയ്ന്‍ ഈ അവകാശവാദം നിഷേധിക്കുകയുണ്ടായി.

വോട്ടിംഗ് ശതമാനവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മൊത്തം പോളിംഗ് 56.66 ശതമാനമായിരുന്നു. അതേസമയം മോസ്‌കോയില്‍ ഉയര്‍ന്ന പങ്കാളിത്തം രേഖപ്പെടുത്തി. വിശ്വസനീയമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ തെരഞ്ഞെടുപ്പ് ഫലം നേരത്തെ തന്നെ പ്രവചിക്കാവുന്ന ഒന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, പോളിംഗ് ശതമാനവും 450 അംഗങ്ങളുള്ള 'ഡുമ'യിലെ (റഷ്യന്‍ പാര്‍ലമെന്റ്) സീറ്റുകളുടെ വിഭജനവും അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളായി മാറുന്നു. പുടിനും അദ്ദേഹത്തിന്റെ യുക്രൈയ്‌നിലെ സൈനിക നടപടി ഉള്‍പ്പെടെയുള്ള നയങ്ങള്‍ക്കും രാജ്യത്തിനകത്ത് പിന്തുണയുണ്ടെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് ഫലം ക്രെംലിന്‍ ഉപയോഗിക്കുമെന്ന് കരുതപ്പെടുന്നു.

അതേസമയം, വിദേശത്തുള്ള റഷ്യന്‍ പൗരന്മാരും മൂന്ന് ദിവസം നീണ്ടുനിന്ന വോട്ടിംഗ് പ്രക്രിയയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലുള്ള റഷ്യന്‍ പൗരന്മാര്‍ക്കായും വോട്ടിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് ന്യൂഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഗോവ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം അഞ്ച് പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു.

Content Highlights: Preliminary results in Russia’s State Duma election show Vladimir Putin-backed United Russia leading with nearly 58% of the vote. The three-day voting process ended on Sunday, with counting continuing across the country. The Central Election Commission said the party was also leading in a large number of single-mandate constituencies, while official final results are expected after the counting process is completed.

To advertise here,contact us