റോം: ഇറ്റലിയിലെ സ്കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനൊരുങ്ങുന്നു. കുടിയേറ്റം പ്രധാന ചര്‍ച്ചാവിഷയമാകുന്ന സാഹചര്യത്തില്‍, സ്കൂളുകളില്‍ ബുര്‍ഖയും നിഖാബും ധരിക്കുന്നത് നിരോധിക്കാനും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനുമാണ് ഇറ്റലി ഒരുങ്ങുന്നത്.
പാരമ്പര്യത്തിന്റെ പേരില്‍ യുവതികള്‍ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. മുഖം മറയ്ക്കാതെ വേണം സ്കൂളില്‍ പോകാനെന്നും അഅവര്‍ പറഞ്ഞു.
ഞായറാഴ്ച റോമില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി സംഘടിപ്പിച്ച യുവജന പരിപാടിയില്‍ സംസാരിച്ച പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, വിദേശ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്ഇറ്റാലിയന് ഭാഷ പഠിക്കണമെന്നും ആവശ്യപ്പെട്ടു.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഇറ്റലിയിലേക്ക് വന്ന് ഇവിടെ ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും നമ്മുടെ ഭാഷ പഠിക്കുകയും, നമ്മുടെ സംസ്കാരം മനസ്സിലാക്കുകയും, നമ്മുടെ നിയമങ്ങളെ ബഹുമാനിക്കുകയും വേണം,' മെലോണി പറഞ്ഞു.
അതേസമയം, ഹിജാബുകള്‍ തുടര്‍ന്നും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളില്‍ വ്യക്തികളെ തിരിച്ചറിയല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരം വസ്ത്രം ധരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ഇറ്റലിയില്‍ ഇതിനകം നിലവിലുണ്ട്. എന്നാല്‍ സ്കൂളുകളില്‍ ബുര്‍ഖകളോ നിഖാബുകളോ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ ഇല്ല.
Content Highlights: Meloni to Ban Burqa and Niqab In Italian Schools