ജപ്പാൻ ഏഷ്യൻ ​ഗെയിംസിലെ ചൈനീസ് കൗമാരവിസ്മയം: രണ്ട് റെക്കോർഡുകൾ നീന്തിയെടുത്ത് 13കാരി യു സിദി

200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ലോക റെക്കോർഡിന് വെറും 0.40 സെക്കൻഡ് മാത്രം അകലെയായിരുന്നു ജപ്പാനിൽ സിദിയുടെ സുവർണ്ണ നേട്ടം

ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിൽ റെക്കോർഡുകൾ നീന്തിയെടുത്ത ചൈനയുടെ കൗമാരവിസ്മയം യു സിദി ഇതിനകം ലോകത്തിൻ്റെ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു. ചൈനയുടെ 13കാരിയായ നീന്തൽ താരം യു സിദി ഇതിനകം രണ്ട് റെക്കോർഡുകളാണ് തിരുത്തിക്കുറിച്ചിരിക്കുന്നത്. വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ 2 മിനിറ്റ് 6.10 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സിദി സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡിനൊപ്പം ഏഷ്യൻ റെക്കോർഡും സ്വന്തമാക്കി. ലോക ജൂനിയർ റെക്കോർഡും യു സിദിയുടെ കുതിപ്പിൽ തകർന്ന് വീണിരുന്നു. നേരത്തെ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലും യു സിദി ഏഷ്യൻ ​ഗെയിസം റെക്കോർഡ് തകർത്തിരുന്നു. 2 മിനിറ്റ് 05.08 സെക്കൻ്റിലായിരുന്നു ഈ റെക്കോർഡ് നേട്ടം. 2023 ഏഷ്യൻ ഗെയിംസിൽ ചൈനയുടെ തന്നെ യിഫെയ് ഷാങ് സ്ഥാപിച്ച 2:05.57 എന്ന ഗെയിംസ് റെക്കോർഡും സിദി മറികടന്നു. ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കഴിഞ്ഞ വർഷം പന്ത്രണ്ടുകാരിയായ സിദി ചരിത്രം സൃഷ്ടിച്ചിരുന്നു.

200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ 2:06.10 എന്ന സമയത്തിലാണ് സിദി സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡും ഏഷ്യൻ റെക്കോർഡും സിദിയുടെ പേരിലായി. ചൈനയുടെ തന്നെ യു യിതിങ് 2:07.99 സമയത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജപ്പാന്റെ നരിത മിയോ 2:10.40 സമയം കുറിച്ച് മൂന്നാമതെത്തി. ലോക റെക്കോർഡിന് വെറും 0.40 സെക്കൻഡ് മാത്രം അകലെയായിരുന്നു ജപ്പാനിലെ സിദിയുടെ സുവർണ്ണ നേട്ടം. കാനഡയുടെ സമ്മർ മക്കിന്റോഷിന്റെ 2:05.70 ആണ് നിലവിലെ ലോക റെക്കോർഡ്. സിദിയുടെ റോൾമോഡൽ കൂടിയാണ് മക്കിന്റോഷ്.

ഏഷ്യൻ ഗെയിംസിൽ സിദിക്ക് മറ്റൊരു വ്യക്തിഗത സ്വർണം കൂടി നേടാനുള്ള അവസരമുണ്ട്. 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലാണ് അടുത്ത മത്സരം. അതേസമയം, വ്യാഴാഴ്ച നടക്കുന്ന വനിതകളുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയ്ക്കുള്ള ചൈനയുടെ ടീമിൽ സിദിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. തുടർച്ചയായ വിജയങ്ങളിൽ താൻ ഏറെ ആവേശഭരിതയും സന്തോഷവതിയുമാണെന്നായിരുന്നു രണ്ടാം സ്വർണ നേട്ടത്തിന് ശേഷം സിദിയുടെ പ്രതികരണം. ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അവർ വ്യക്തമാക്കി. ആദ്യ സ്വർണത്തേക്കാൾ രണ്ടാം സ്വർണമാണ് തനിക്ക് കൂടുതൽ സന്തോഷം നൽകിയതെന്നും സിദി പറഞ്ഞിരുന്നു 200 മീറ്റർ ഫ്രീസ്റ്റൈലിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നും ഭാവിയിൽ കൂടുതൽ വേഗത്തിൽ നീന്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദി പറഞ്ഞു. തന്റെ സാങ്കേതികതയിൽ ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളുണ്ടെന്നും തല നേരത്തെ താഴ്ത്തുക, കൈകൾ കൂടുതൽ മുന്നിലേക്ക് നീട്ടുക, കാലുകളുടെ ചലനം മെച്ചപ്പെടുത്തുക എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സിദി പറഞ്ഞിരുന്നു.

2025 ഓഗസ്റ്റിൽ സിംഗപ്പൂരിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലാണ് യു സിദി ആഗോള ശ്രദ്ധ നേടിയത്. അന്ന് 12 വയസുകാരിയായിരുന്ന സിദി ചൈനയുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പം വെങ്കല മെഡൽ നേടിയതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അവർ മാറി. അതേ വർഷം നടന്ന ചൈനീസ് ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിലും സിദി മികച്ച പ്രകടനം നടത്തി. രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയതിനൊപ്പം 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ലോക അക്വാട്ടിക്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധാരണയായി 14 വയസ് പൂർത്തിയാക്കിയിരിക്കണമെന്നാണ് നിബന്ധന. എന്നാൽ കഴിഞ്ഞ വർഷം മേയിൽ നടന്ന ചൈനീസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ആവശ്യമായ ‘എ’ നിലവാരത്തിലുള്ള യോഗ്യതാ സമയം സിദി സ്വന്തമാക്കിയതിനാൽ മത്സരിക്കാൻ അനുമതി ലഭിക്കുകയായിരുന്നു.

2012 ഒക്ടോബർ 16ന് ചൈനയിലെ ബാവോഡിങ്ങിലാണ് യു സിദിയുടെ ജനനം. ആറാം വയസിലാണ് നീന്തലിലേക്ക് സിദിയുടെ ശ്രദ്ധ തിരിയുന്നത്. വേനൽക്കാലത്ത് പിതാവിനൊപ്പം വാട്ടർ പാർക്കിലെത്തിയപ്പോഴാണ് ഒരു നീന്തൽ പരിശീലകൻ സിദിയിലെ കഴിവ് തിരിച്ചറിഞ്ഞത്. തുടർന്ന് കഠിന പരിശീലനത്തിലൂടെ സിദി ചൈനയുടെ ശ്രദ്ധേയമായ യുവ നീന്തൽ താരമായി വളരുകയായിരുന്നു.

Content Highlights: Thirteen-year-old Chinese swimmer Yu Zidi created a sensation at the Asian Games in Japan by setting two records and emerging as one of the youngest swimming stars at the competition.

To advertise here,contact us