റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യെമനിലെ ഹൂതികൾ. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകപടലവും ദൃശ്യമായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഹൂതികളുടെ അവകാശവാദം പുറത്തുവന്നത്. റിയാദിൽ ഏത് കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സൗദിയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ചെങ്കടൽ തീരത്തെ യൻബുവിലെ അരാംകോയുടെ ഒരു കേന്ദ്രത്തെയും ആക്രമിച്ചതായി അവർ അറിയിച്ചു. യെമൻ തലസ്ഥാനമായ സനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്നും ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവള ഹൈവേ, പ്രധാന ടെർമിനൽ കെട്ടിടം തുടങ്ങിയവയുടെ പശ്ചാത്തലമുള്ള പ്രദേശത്ത് നിന്ന് കറുത്ത പുകയുടെ വലിയ പടലം ഉയരുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും റോയിട്ടേഴ്സ് പുറത്തുവിട്ടു. ദൃശ്യങ്ങളിൽ ഒരു ഘട്ടത്തിൽ ഇന്ധന സംഭരണ ടാങ്കുകളെന്ന് തോന്നിക്കുന്ന ഭാഗത്തിന് പിന്നിൽ നിന്ന് തീ ഉയരുന്നതും വ്യക്തമാണ്. ജൂലൈ മുതൽ സൗദി അറേബ്യക്കെതിരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം റിയാദിനെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യെമനിലെ ഹൂതികൾ റിയാദിലേക്ക് തൊടുത്ത മിസൈൽ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ഹൂതികൾക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ ബിഷ, ഫറസാൻ, പടിഞ്ഞാറൻ മേഖലയിലെ തായിഫ് എന്നിവിടങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും യൻബുവിനെതിരായ ആക്രമണവും തങ്ങൾ പരാജയപ്പെടുത്തിയതായി സഖ്യസേന പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായോ എന്നത് വ്യക്തമാക്കിയില്ല.
റിയാദിൽ ഉൾപ്പെടെ സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ നഗരത്തിന് സമീപം അപകടസാധ്യതയുണ്ടാകാമെന്ന് സൗദി അധികൃതർ രാത്രിയിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിയാദിലും തലസ്ഥാനത്തിന് കിഴക്കുള്ള അൽ ഖർജിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൗദി സിവിൽ ഡിഫൻസ് രാത്രിയിൽ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമായി അയച്ചിരുന്നു. ശനിയാഴ്ച രാവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അറിയിച്ച് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നതിന് മുമ്പ് റിയാദിലെ ഒലയ മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പോരാട്ടം പുതിയ സംഘർഷമേഖലയായി മാറിയത്. അമേരിക്ക നേരിട്ട് ഹൂതികൾക്കെതിരെ സൈനിക ഇടപെടൽ നടത്തണമെന്ന സൗദി അറേബ്യയുടെ ആവശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഇതിനിടെ അമേരിക്കൻ പൗരന്മാർക്കായി ശനിയാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. മധ്യപൂർവദേശത്തുള്ള അമേരിക്കൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മേഖലയ്ക്ക് പുറത്തുള്ള അമേരിക്കക്കാർ മധ്യപൂർവദേശത്തേക്കും മേഖലയിലൂടെയും നടത്തുന്ന യാത്രകൾ ഗൗരവമായി പുനഃപരിശോധിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിട്ടുണ്ട്.
യെമനിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ വലിയ ഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ജൂലൈയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യക്കെതിരെ ഹൂതികൾ ആക്രമണങ്ങൾ നടത്തിവരികയാണ്. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന സൗദി കപ്പലുകളെയാണ് പ്രധാനമായും ഹൂതികൾ ലക്ഷ്യമിട്ടത്. സൗദിയിലെ നഗരങ്ങൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, കപ്പൽ ഗതാഗതം എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഗോള എണ്ണ വിതരണത്തിന് പുതിയ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗൾഫ് എണ്ണ കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിക്കുള്ള പ്രധാന ബദൽ പാതയായ ചെങ്കടൽ മാർഗവും ഇതോടെ അപകടത്തിലായിരിക്കുകയാണ്.
Content Highlights: Houthis claimed responsibility for an attack on sensitive sites in Riyadh using missiles and drones, while flames and a large plume of smoke were reported near the Saudi capital's main airport.