തെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ വ്യവസ്ഥകൾ ഖത്തർ മുഖേന അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായി. എല്ലാ മുന്നണികളിലുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റെസായി പറഞ്ഞു. അൽ ജസീറയ്ക്ക് നൽകിയ വിശദമായ അഭിമുഖത്തിലായിരുന്നു ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ടെഹ്റാന്റെ വ്യവസ്ഥകളും അമേരിക്കയോടുള്ള ഇറാന്റെ പുതിയ തന്ത്രവും യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളും റെസായി വ്യക്തമാക്കിയത്. ഖത്തർ പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മധ്യസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണെന്നും ചർച്ചകൾക്കുള്ള ഇറാന്റെ വ്യവസ്ഥകൾ അവരിലൂടെ കൈമാറിയിട്ടുണ്ടെന്നും റെസായി വ്യക്തമാക്കി.
യുദ്ധത്തിൽ നിന്ന് പിന്മാറുന്നതിനായി ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കണമോ എന്നത് അമേരിക്കയുടെ തീരുമാനമാണെന്നും റെസായി ചൂണ്ടിക്കാണിച്ചു. ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് ഫലമുണ്ടാകില്ലെന്നും നിർണായകമായ യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറാണെന്നും റെസായി വ്യക്തമാക്കി. ധാരണാപത്രത്തിൽ നിന്ന് അമേരിക്ക പിന്മാറിയതിനെ തുടർന്നാണ് വാഷിങ്ടണ്ണുമായുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഇറാന് ബോധ്യപ്പെട്ടതെന്നും റെസായി പറഞ്ഞു. ഇറാനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റിന്റെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും തെറ്റാണെന്നും യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്നും റെസായി ആരോപിച്ചു.
അമേരിക്കൻ സൈന്യത്തിന്റെ ദൗർബല്യങ്ങൾ ഇറാന് അറിയാമെന്നും വ്യോമാക്രമണങ്ങളെ നേരിടാൻ രാജ്യം മുൻപത്തേക്കാൾ കൂടുതൽ സജ്ജമാണെന്നും റെസായി വ്യക്തമാക്കി. യുഎസ് വിമാനവാഹിനിക്കപ്പലിന് സമീപം ഇറാൻ അടുത്തിടെ കപ്പൽവേധ മിസൈൽ പരീക്ഷിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ കാര്യങ്ങളിൽ ഇറാൻ ഗൗരവമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്രമണമുണ്ടായാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുഎസ് താൽപര്യങ്ങൾക്കും കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നും റെസായി മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ ആഗ്രഹിക്കുന്നതായും മൊഹ്സെൻ റെസായിപറഞ്ഞു. ഹൂതികളും സൗദി അറേബ്യയുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യെമനിലെ ഹൂതി വിഭാഗവും സൗദി അറേബ്യയുടെ പിന്തുണയുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും തമ്മിലുള്ള പോരാട്ടം ശക്തമായി. മാരിബിന്റെ കിഴക്കൻ മേഖലകളിലും തായിസിന് സമീപപ്രദേശങ്ങളിലും ശക്തമായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Iran has conveyed its conditions for ending the war to the United States through Qatar, according to Iran Security Council chief Mohsen Rezaei.