ശാന്തമാകുമോ പശ്ചിമേഷ്യ? സമാധാന കരാറില്‍ ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുന്നെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാന്റെ വിശ്വാസം ആര്‍ജിക്കാന്‍ അമേരിക്ക പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവി മൊഹസെന്‍ റസായിയും അറിയിച്ചു

തെഹ്‌റാന്‍: ഇറാന്‍- അമേരിക്ക യുദ്ധം അവസാനത്തിലേക്കെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ വിശ്വാസം ആര്‍ജിക്കാന്‍ അമേരിക്ക പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവി മൊഹസെന്‍ റസായിയും അറിയിച്ചു.

അതേസമയം യെമനിലെ ആഭ്യന്തര കലാപവും സൗദിയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷവും ഉയര്‍ത്തിക്കാട്ടി രാജ്യങ്ങള്‍ യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലും അമേരിക്കയും തമ്മില്‍ വന്‍ ആയുധ കച്ചവടം നടന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക 40,000 ബോംബുകളാണ് ഇസ്രയേലിന് വിറ്റത്. 2.8 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടമാണ് നടന്നത്. ലബനനിലും ഗസയിലും ഇസ്രയേല്‍ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ആയുധക്കച്ചവടത്തില്‍ ആഗോളതലത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇറാനില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കന്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം യുഎസ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. യെമന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, പുണ്യ നഗരമായ മക്കയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം ഗള്‍ഫില്‍ ആശങ്കയ്ക്ക് ഇടയാക്കി. മക്കയെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടെന്നാണ് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചു. പുണ്യനഗരത്തെ ലക്ഷ്യം വെച്ചിട്ടില്ലെന്നും സൗദിയിലെ ഓയില്‍, സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നുമാണ് ഹൂതികള്‍ പറഞ്ഞത്. മക്കയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി അപലപിച്ചിരുന്നു. ചെങ്കടല്‍, ബാബ് അല്‍ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ ഹൂതി ഭീഷണികള്‍ ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസപ്പെടുത്തിയേക്കാമെന്നാണ് സൗദി നല്‍കുന്ന മുന്നറിയിപ്പ്.

Content Highlights: US President Donald Trump has indicated that the Iran-US war could be moving towards an end, saying direct discussions with Iran are taking place over a peace agreement. Iran’s national security chief Mohsen Rezaei has called for practical steps to build trust, while UN Secretary-General Antonio Guterres urged countries to move away from conflict. International reports have also highlighted a $2.8 billion US-Israel arms deal involving 40,000 bombs.

To advertise here,contact us